crude-oil

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ എഫ് ഒ ബി അടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അവസാനിപ്പിച്ചു. ഇൻഷുറൻസുമായി ബന്ധപ്പെട്ട് ചില അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഫ്രീ ഓൺ ബോർഡ് അഥവാ എഫ് ഒ ബി അടിസ്ഥാനത്തിൽ ക്രൂ‌ഡ് ഓയിൽ ഇറക്കുമതി ചെയ്യുമ്പോൾ വാങ്ങുന്ന രാജ്യത്തിനാണ് ഇതിന്റെ പൂർണ ഉത്തരവാദിത്തം. ഇടയ്ക്ക് വച്ച് എണ്ണക്കപ്പലിന് എന്തെങ്കിലും അപകടം സംഭവിക്കുകയോ എണ്ണ നഷ്ടപ്പെടുകയോ ചെയ്താൽ പോലും എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം സകല ചെലവുകളും വഹിക്കണമെന്ന് മാത്രമല്ല വാങ്ങിച്ച എണ്ണയുടെ മുഴുവൻ പണവും കയറ്റുമതി ചെയ്യുന്ന രാഷ്ട്രത്തിന് നൽകുകയും വേണം.

എന്നാൽ യുക്രെയിനുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന അവസരത്തിൽ റഷ്യയിൽ നിന്ന് എണ്ണ എഫ് ഒ ബി അടിസ്ഥാനത്തിൽ വാങ്ങുന്നത് അധികച്ചെലവ് വരുത്തിവയ്ക്കുമോ എന്ന് ഇന്ത്യ ഭയപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. റഷ്യയുടെ ശത്രുക്കൾ എണ്ണ കപ്പൽ ആക്രമിക്കുകയോ മറ്റോ ചെയ്താൽ നഷ്ടം പൂർണമായും ഇന്ത്യ വഹിക്കേണ്ട സാഹചര്യം ഉണ്ടായേക്കും. അതിനാലാണ് എഫ് ഒ ബി അടിസ്ഥാനത്തിൽ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവയ്ക്കുന്നത്. റഷ്യയെ കൂടാതെ കസാഖിസ്ഥാനിൽ നിന്നും എഫ് ഒ ബി എണ്ണ വാങ്ങേണ്ട എന്ന് ഐ ഒ സി തീരുമാനിച്ചിട്ടുണ്ട്.