kk

ന്യൂയോർക്ക് : റഷ്യൻ ആക്രമണത്തിൽ 16 കുട്ടികൾ ഉൾപ്പെടെ 352 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രെയിൻ യു. എന്‍ പൊതുസഭ/യുടെ അടിയന്തര യോഗത്തില്‍ അറിയിച്ചു. റഷ്യയുടെ മിസൈൽ ആക്രമണം തുടരുന്നതായും യുക്രെയിന്‍ പ്രതിനിധി യോഗത്തില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുപക്ഷത്തുമായി ആയിരത്തിലധികംപേര്‍ കൊല്ലപ്പെട്ടു. യുക്രെയിന് എതിരെയുള്ള ഈ അതിക്രമം അവസാനിപ്പിക്കണം. റഷ്യ സമ്പൂര്‍ണ സേനാപിന്‍മാറ്റം നടത്തണമെന്നും യുക്രെയിന്‍ പ്രതിനിധി പറഞ്ഞു .എന്നാല്‍ യുക്രൈന്‍ വാദങ്ങളെ തള്ളി റഷ്യന്‍ പ്രതിനിധി രംഗത്തെത്തി. റഷ്യന്‍ ഫെഡറേഷന്‍ അല്ല ശത്രുത തുടങ്ങിവെച്ചത്. യുക്രൈനാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു.

അതേസമയം സമാധാന ശ്രമവുമായി ബെലാറൂസിൽ നടന്ന റഷ്യ, യുക്രെയിൻ ചർച്ച അവസാനിച്ചു. ചർച്ചയിൽ ശുഭപ്രതീക്ഷയാണ് ഉള്ളതെന്നാണ് മാദ്ധ്യമറിപ്പോർട്ടുകൾ. രണ്ടാംവട്ട ചർച്ചകൾ തുടരാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. അഞ്ചരമണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ പ്രതിനിധികൾ മടങ്ങി. പ്രതിനിധികൾ അതത് രാജ്യങ്ങളിലെ പ്രസിഡന്റിനെ ചർച്ചയിലെ കാര്യങ്ങൾ അറിയിക്കും. ചർച്ചയിൽ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ യോജിക്കാവുന്ന ചില മേഖലകൾ ഉരുത്തിരിഞ്ഞതായി യുക്രെയിൻ അറിയിച്ചു.

അതിനിടെ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം എടുക്കുന്നതിനായുള്ള അപേക്ഷയില്‍ പ്രസിഡന്റ് വ്സാഡിമിർ സെലന്‍സ്‌കി ഒപ്പുവച്ചതായി യുക്രെയിന്‍ പാര്‍ലമെന്റ് അറിയിച്ചു.