
അബുദാബി : പ്രവാസികളായ തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന നടപടിയുമായി യു.എ.ഇ. കൃത്യസമയത്ത് ശമ്പളം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ശമ്പള തീയതിയ്ക്ക് ശേഷമുള്ള മൂന്ന്, പത്ത് ദിവസങ്ങളില്‍ മന്ത്രാലയം കമ്പനികൾക്ക് നോട്ടീസയയ്ക്കും. ഇതില്‍ നടപടിയുണ്ടായില്ലെങ്കില്‍ പുതിയ തൊഴില്‍ കരാറുകള്‍ അനുവദിക്കില്ല. കൂടാതെ കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു.
അമ്പതിലധികം തൊഴിലാളികളുള്ള കമ്പനികളില്‍ ശമ്പളം മുടങ്ങിയാല്‍ മന്ത്രാലയം നേരിട്ട് പരിശോധന നടത്തും. നിശ്ചിത ശമ്പള തീയതിക്ക് 17 ദിവസത്തിന് ശേഷം വേതനം നല്‍കിയില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കും. ചെറുകിട സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചാല്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് താത്‌കാലികമായി നിര്‍ത്തിവെയ്ക്കും. വേതനം നല്‍കുന്നതില്‍ കാലതാമസം കൂടുന്തോറും പിഴ വര്‍ദ്ധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
2009 മുതല്‍ യു.എ.ഇയില്‍ വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്.) നിലവിലുണ്ടെങ്കിലും ഇത്തവണ നടപടികള്‍ കര്‍ശനമാക്കാനാണ് തീരുമാനം.