russia

സൂറിച്ച്: ഈ വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിൽ നിന്ന് റഷ്യ പുറത്ത്. നേരത്തെ റഷ്യയിൽ നടക്കേണ്ടിയിരുന്ന എല്ലാ ഫുട്ബാൾ മത്സരങ്ങളും റദ്ദാക്കിയതിന് പുറമേ വിദേശങ്ങളിൽ റഷ്യൻ ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ റഷ്യയുടെ പതാകയോ ദേശീയ ഗാനമോ ഇനി മുതൽ ഉണ്ടാകില്ലെന്ന് ഫിഫ അറിയിച്ചിരുന്നു. എന്നാൽ ലോകകപ്പ് മുതലായ ടൂർണമെന്റുകളിൽ ഫുട്ബാൾ യൂണിയൻ ഒഫ് റഷ്യ എന്ന പേരിൽ ടീമിനെ ഇറക്കാൻ ഫിഫ അനുവാദം നൽകിയിരുന്നു.

എന്നാൽ ഫിഫയുടെ ഈ നടപടി മതിയാകില്ലെന്നും റഷ്യയ്‌ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ നിലപാട് എടുത്തതോടെയാണ് ഫിഫ റഷ്യ‌യ്‌ക്കെതിരായ നടപടികൾ കടുപ്പിക്കാൻ തയ്യാറായത്. റഷ്യയുടെ പുരുഷ വനിതാ ടീമുകൾക്ക് നിയന്ത്രണങ്ങൾ ബാധകമാണ്. അഞ്ച് മാസത്തിന് ശേഷം നടക്കുന്ന വനിതകളുടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്ക് റഷ്യ യോഗ്യത നേടിയിരുന്നു. എന്നാൽ നടപടി വന്നതിനാൽ ഈ ടൂർണമെന്റിലും അവർക്ക് പങ്കെടുക്കാൻ സാധിക്കാതെ വരും.

ഫിഫയും യുവേഫയും സംയുക്തമായി പുറത്തിറക്കിയ പത്രകുറിപ്പിൽ റഷ്യയിൽ നിന്നുള്ള ദേശീയ ടീമുകളേയും ക്ളബുകളേയും ഫിഫയുടേയോ യുവേഫയുടേയോ യാതൊരു ടൂർണമെന്റുകളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പങ്കെടുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്നു.

പോളണ്ടിനെ കൂടാതെ ചെക്ക് റിപ്പബ്ളിക്ക്, സ്വീഡൻ എന്നീ ടീമുകൾ ഇതിനോടകം തന്നെ അടുത്ത മാസം റഷ്യയിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിനെ അയയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.യുക്രെയിനിൽ ബലം പ്രയോഗിച്ച് കടന്നുകയറിയ റഷ്യയുടെ നടപടിയെ ഫിഫ അപലപിക്കുന്നെന്ന് അസോസിയേഷന്റെ പത്രകുറിപ്പിൽ പറയുന്നു.

അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി കഴിഞ്ഞ ദിവസം എല്ലാ അന്താരാഷ്ട്ര കായിക സംഘടനകളോടും റഷ്യയിലും ബലാറസിലും നടക്കുന്ന എല്ലാ മത്സരങ്ങളും മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ബലാറസ് വഴിയാണ് റഷ്യൻ സേന യുക്രെയിനിലേക്ക് പ്രവേശിച്ചതെന്നതിനാലാണ് ബലാറസിലെ മത്സരങ്ങളും മാറ്റിവയ്ക്കാൻ ഐ ഒ സി ആവശ്യപ്പെട്ടത്.