
മലപ്പുറം: പ്രളയ പുനരധിവാസ പദ്ധതിയിൽ വീടുകൾ അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വീടെന്ന സ്വപ്നവുമായി കാത്തിരിക്കുകയാണ് ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ 19 ആദിവാസി കുടുംബങ്ങൾ. സി.എം.ഡി.ആർ.എഫ് ഫണ്ട് ഉപയോഗിച്ച് വീട് നിർമിച്ച് നൽകാമെന്ന സർക്കാർ വാഗ്ദാനം പാതി വഴിയിൽ നിലച്ചു പോയ സ്ഥിതിയാണ്. ഭൂമി വാങ്ങിക്കാനായി പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവർക്കും ഫണ്ട് നൽകിയെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും വീട് നിർമിക്കാനുള്ള തുക ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല.
2018ലെ കനത്ത മഴയെ തുടർന്ന് ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ ഓടക്കയത്ത് ഉരുൾപൊട്ടലിൽ ഏഴ് പേർ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ഓടക്കയം കേന്ദ്രീകരിച്ച് റവന്യു വകുപ്പും ജിയോളജി വകുപ്പും ചേർന്ന് നടത്തിയ സർവേയിൽ ഉരുൾപൊട്ടൽ നടന്ന സമീപത്തെ വീടുകൾക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. സർവേയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പുതിയ വീടുകൾ നിർമിക്കാനുള്ള ഫണ്ട് അനുവദിച്ചത്. 78 കുടുംബങ്ങളെയായിരുന്നു പുനരധിവാസത്തിനായി കണ്ടെത്തിയിരുന്നത്. 10 കുടുംബങ്ങൾ പുനരധിവാസത്തിന് തയ്യാറാവത്തതിനാൽ 68 കുടുംബങ്ങൾക്കാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. 68 കുടുംബങ്ങൾക്കും സ്ഥലം വാങ്ങിക്കാനുള്ള തുക നൽകുകയും ചെയ്തിട്ടുണ്ട്. ഇതിൽ 49 കുടുംബങ്ങൾക്ക് വീട് നിർമാണത്തിനുള്ള പണം ലഭിച്ചതിനെ തുടർന്ന് നിർമാണം ആരംഭിച്ചു. എന്നാൽ 19 കുടുംബങ്ങളുടെ വീട് നിർമാണമാണ് അനിശ്ചിത്വത്തിലായിരിക്കുന്നത്. ഗുണഭോക്താക്കളടക്കമുള്ളവർ കളക്ടറെ നേരിൽ കണ്ട് പരാതി ഉന്നയിച്ചിരുന്നുവെന്ന് ഓടക്കയം വാർഡ് മെമ്പർ പി.എസ്. ജിനേഷ് പറഞ്ഞു. എന്നാൽ പരാതി ഉന്നയിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല.
ഫണ്ട് വരുന്ന വഴി
മഴക്കാലമെത്തും മുമ്പേ വീടണയാനാവുമോ ?
2019ൽ ആരംഭിച്ച പദ്ധതിയാണ് രണ്ട് വർഷം കഴിഞ്ഞിട്ടും ഇഴഞ്ഞു നീങ്ങുന്നത്. നാല് മാസം കഴിഞ്ഞാൽ കാലവർഷമെത്തും. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പദ്ധതിയിലുള്ള കുടുംബങ്ങളിപ്പോൾ താമസിക്കുന്നത്. കാലവർഷത്തിന് മുമ്പ് വീടുകൾ യാഥാർത്ഥ്യമായില്ലെങ്കിൽ ഇവരിനിയും ഉരുൾപൊട്ടൽ ഭീതിയിൽ കഴിയേണ്ടിവരും.
ജില്ലാ കളക്ടറോടടക്കം പ്രശ്നം ഉന്നയിച്ചിരുന്നു. ഇതു വരെ പരിഹാരമുണ്ടായിട്ടില്ല. ഫണ്ട് അനുവദിച്ച് നടപടികൾ ത്വരിതഗതിയിലാക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം. പരിഹാരമായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനം.
- പി.എസ് ജിനേഷ്,
ഓടക്കയം വാർഡ് മെമ്പർ