
പെരിന്തൽമണ്ണ: ഒരു ചായ കുടിക്കാൻ 25 കിലോമീറ്ററോളം കറങ്ങി നടന്ന യുവാക്കൾക്ക് ഒടുവിൽ പൊലീസിന്റെ വക ഫ്രീ ചായ. തിങ്കളാഴ്ച രാത്രി ഒരു മണിക്ക് ജില്ലയുടെ അതിർത്തി പ്രദേശമായ ആഞ്ഞിലങ്ങാടിയിൽ നിന്ന് രണ്ട് ബൈക്കിലും ഒരു കാറിലുമായി പെരിന്തൽമണ്ണ നഗരത്തിൽ എത്തിയ ആറംഗ സംഘത്തിനാണ് പൊലീസിന്റെ ഈ മറക്കാനാവാത്ത മധുരച്ചായ ലഭിച്ചത്.
നഗരത്തിൽ കറങ്ങി നടക്കവേ ഇവർ ചെന്ന് പെട്ടത് നൈറ്റ് പെട്രോളിംഗിനിറങ്ങിയ പെരിന്തൽമണ്ണ എസ്.ഐ സി.കെ നൗഷാദിന്റെയും സംഘത്തിന്റെയും മുന്നിൽ. എസ്.ഐ യുവാക്കളോട് കാര്യങ്ങൾ തിരക്കിയപ്പോൾ ചായ കുടിക്കാനിറങ്ങിയതാണെന്നാണ് പറഞ്ഞത്. തുടർന്ന് യുവാക്കളെ ഒപ്പം കൂട്ടി എസ്.ഐയും സംഘവും പൊലീസ് സ്റ്റേഷനിൽ എത്തി ഇവർക്ക് യഥേഷ്ടം ചായ നൽകുകയായിരുന്നു. ഇവരുടെ വീടുകളിലേക്ക് ബന്ധപെട്ടപ്പോൾ മേലാറ്റൂരിലേക്ക് പോയതാണെന്നാണ് വിട്ടുകാർ അറിയിച്ചത്. എന്നാൽ ഇവർ സുരക്ഷിതരായി പെരിന്തൽമണ്ണ സ്റ്റേഷനിൽ ചായ കുടിക്കുകയാണെന്നും രാവിലെ വീട് അണയുമെന്നും പൊലീസ് അറിയിച്ചു. ചായ കുടിയും എസ്.ഐ നൗഷാദിന്റെ ബോധവത്കരത്തിനും ശേഷം പുലർച്ചെ യുവാക്കളെ വീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.