farm
ഓമച്ചപ്പുഴ പാടശേഖരത്ത് നടന്ന നെൽക്കൃഷിയിലെ ഇരട്ടവഴി രീതിയുടെ മുൻനിര പ്രദർശനം.

മലപ്പുറം: മലപ്പുറം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആത്മ മലപ്പുറം, ഒഴൂർ കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ ഓമച്ചപ്പുഴ പാടശേഖരത്ത് നെൽക്കൃഷിയിലെ ഇരട്ടവഴി രീതിയുടെ മുൻനിര പ്രദർശനം നടന്നു. ഡെമോൺസ്‌ട്രേഷൻ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കോടിയെങ്ങൽ ഉദ്ഘാടനം ചെയ്തു. സാധാരണ നടീൽ രീതിയിൽ നിന്നും വ്യത്യസ്തമായി 15 സെന്റീമീറ്റർ അകലത്തിലുള്ള ഇരട്ട വരികളും ഓരോ ഇരട്ട വരികളും തമ്മിൽ 35 സെന്റീമീറ്റർ അകലമുള്ളതാണ് ഈ കൃഷി രീതിയുടെ പ്രത്യേകത. ഇതുമൂലം എല്ലാ നെൽച്ചെടികൾക്കും ഒരുപോലെ സൂര്യപ്രകാശവും മറ്റു വളർച്ച സാഹചര്യങ്ങളും ലഭ്യമാകും. പഴയ രീതിയിൽ വയലിന്റെ അരികിലുള്ള ചെടികൾക്കു മാത്രം ഉയർന്ന വിളവ് ലഭിക്കുന്ന അരികുപ്രഭാവം ഇതിൽ ഉണ്ടാകുന്നില്ല. അരികിലും,അകത്തുമുള്ള നെൽച്ചെടികൾ ഒരുപോലെ വിളവുതരും.

കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞൻ പി.കെ. അബ്ദുൾ ജബ്ബാർ സാങ്കേതിക വിശദീകരണം നൽകി. ആത്മ ഡയറക്ടർ കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി. ഷാജി, ചീഫ് ഫാർമർ റാബിയ, സി.ഡി.എസ് പ്രസിഡന്റ് ഗീത അജ എന്നിവർ പ്രസംഗിച്ചു. വിവിധ പാടശേഖരങ്ങളിലെ കർഷകർ നടീൽ പരിശീലനത്തിൽ പങ്കെടുത്തു.