aeroplane

കരിപ്പൂർ: റൺവേ നീളം കുറയ്ക്കാനുള്ള എയർപോർട്ട് അതോറിറ്റിയുടെ തീരുമാനത്തിലൂടെ കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള സാധ്യത നഷ്ടപെടുത്താനാണ് അതോറിറ്റി ശ്രമിക്കുന്നതെന്ന് കാലിക്കറ്റ് എയർപോർട്ട് ഇലക്ട്രിക്കൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി കുറ്റപ്പെടുത്തി. ഒരു കാരണവശാലും കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നൽകി. നിലവിലെ 2860 മീറ്റർ നീളമുള്ള റൺവേ 300 മീറ്റർ കുറച്ച് 2560 മീറ്റർ ആക്കാനാണ് അതോറിറ്റിയുടെ ശ്രമം. ഇതു കാരണം വലിയ വിമാനങ്ങൾക്ക് കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങാൻ ബുദ്ധിമുട്ടാകുമെന്നും പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആശങ്കപ്പെടുന്നുണ്ട്. ഈ ആശങ്കയകറ്റാൻ അതോറിറ്റി തയ്യാറാകണമെന്ന് പ്രസിഡന്റ് എ.കെ. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ജമാൽ കരിപ്പൂർ, സുചിത്രൻ അറോറ, മൊക്കാൻ ബഷീർ, ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു.