chicken

മലപ്പുറം: കോഴിത്തീറ്റയുടെ വില ക്രമാതീതമായി വർദ്ധിച്ചതോടെ പ്രയാസത്തിലായിരിക്കുകയാണ് കോഴി കർഷകർ. കോഴിതീറ്റക്ക് വില വർദ്ധിച്ചതിനെ തുടർന്ന് ഭൂരിഭാഗം ഫാമുകളും അടച്ചുപൂട്ടി. ബാക്കിയുള്ളവ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. തീറ്റ ഉൽപാദിപ്പിക്കുന്ന അസംസ്കൃത വസ്തുക്കൾക്ക് വിലകൂടിയതും വൻകിട ലോബികളുടെ കൊള്ള ഇടപാടുകളുമാണ് സാധാരണ കോഴികർഷകരെ പ്രതിസന്ധിയിലാക്കിയത്.

വളരെയേറെ പ്രയാസപ്പെട്ടാണ് ഫാമുടമകൾ കോഴിയെ പരിചരിച്ച് പാകമാക്കിയെടുക്കുന്നത്. എന്നാൽ കഷ്ടപാടിനപ്പുറം സാമ്പത്തിക നഷ്ടം കൂടി വന്നു തുടങ്ങിയതോടെ ഫാമുടമകൾ പ്രവർത്തനം അവസാനിപ്പിക്കേണ്ട ഗതികേടിലായി. ജില്ലയിൽ 5,000ൽ പരം കോഴിഫാമുകളാണുണ്ടായിരുന്നത്. ഇതിൽ 2,000ത്തോളം ഫാമുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പൂട്ടിയത്. ചാലിയാർ പഞ്ചായത്തിലുണ്ടായിരുന്ന 80 ഫാമുകളുടേയുെം പ്രവർത്തനം അവസാനിപ്പിച്ചു. കോഴി തീറ്റയിൽ ഉൾപ്പെടുന്ന ചോളം,​ സൊയാബീൻ എന്നിവയ്ക്ക് വില കൂടിയതാണ് കോഴിത്തീറ്റക്കും വില കൂടാൻ കാരണം. കഴിഞ്ഞ ഏഴ് മാസം മുമ്പ് വരെ ഒരു ചാക്ക് കോഴി തീറ്റയുടെ വില 1,400 രൂപയായിരുന്നു. ഇപ്പോൾ 2100 മുതൽ 2400 വരെയാണ് വില. 600 മുതൽ 900 രൂപ വരെയാണ് വർദ്ധിച്ചിട്ടുള്ളത്. കോഴികളുടെ പരിചരണം കഴിഞ്ഞ് അതാത് ഏജൻസികൾക്ക് കൈമാറുമ്പോൾ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് കർഷകർ പറയുന്നു. മറ്റു സംസ്ഥാനങ്ങളിലെ ലോബികൾ നടത്തുന്ന കൊള്ളയാണ് മറ്റൊരു പ്രതിസന്ധി. 95 രൂപയോളം ഒരു കോഴിക്ക് ചെലവ് വരുമ്പോൾ വൻകിട ഏജൻസികളെത്തി ഇതിലും താഴ്ന്ന വില നൽകുന്നതിനാൽ കർഷകർക്ക് ഉത്പാദനചെലവ് പോലും ലഭിക്കുന്നില്ല. താഴ്ന്ന വിലയ്ക്ക് വാങ്ങിച്ച ശേഷം ഏജൻസികൾ മാർക്കറ്റിൽ വൻ ലാഭത്തിന് വിൽപ്പന നടത്തുകയും ചെയ്യും. സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് ഫാമുടമകളുടെ ആവശ്യം.

ചെലവുകൾ ഇങ്ങനെയും

ആയിരം കോഴികളുള്ള ഫാമിലേക്ക് വേണ്ട കോഴിത്തീറ്റ - 72 ചാക്ക്

ഒരു കോഴിക്ക് വേണ്ടത് - 3.5 കിലോ തീറ്റ

മെഡിസിനായി വേണ്ടത് - 3 രൂപ

പരിചരിക്കുന്നവർക്ക് - 12 രൂപ

ഒരു കോഴിയുടെ ചെലവ് - 95 രൂപ

ഏജൻസികൾ വാങ്ങിക്കുന്നത് - 88 രൂപക്ക്

ചെറുകിട കർഷകരെ സർക്കാ‌‌ർ സംരക്ഷിക്കണം

ഇത്തരം പ്രതിസന്ധികൾ ഏറെ ബാധിക്കുന്നത് ചെറുകിട കർഷകരെയാണ്. 10,000ത്തിൽ താഴെ മാത്രം ഉത്പാദിപ്പിക്കുന്ന കർഷകരെ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി സബ്സിഡി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കോഴി വിഭവങ്ങൾ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയതിനാൽ വ്യവസായികളായി കാണാതെ കാർഷിക പരിഗണന നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

ഇത്തരത്തിൽ വിലകയറ്റവും നഷ്ടവും സംഭവിച്ച് തുടങ്ങിയാൽ ബാക്കിയുള്ള ഫാമുകളും പൂട്ടേണ്ടി വരും. സർക്കാർ ഇടപെടലിലൂടെ സബ്സിഡി അടക്കമുള്ള കാര്യങ്ങൾ നൽകി കർഷകരെ സംരക്ഷിക്കണം.

- ശിഹാബ് ചുങ്കത്തറ, എം.പി.എഫ്.എ സംസ്ഥാന സെക്രട്ടറി