
മലപ്പുറം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും വിമർശനവും പരിഹാസവുമായി മുൻമന്ത്രി കെ.ടി.ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. കോടികളുടെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി പണിയെടുക്കാതെ ജീവിച്ച അലസ ജീവിത പ്രേമിയാണ് സിറിയക് ജോസഫെന്ന് ജലീൽ പറഞ്ഞു. കേരള, ഡൽഹി ഹൈക്കോടതികളിൽ പ്രവർത്തിക്കുമ്പോൾ വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു. എന്നിട്ടും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നേടി. പിന്നീട് കർണാടകയിലും അതേ പദവിയിൽ എത്തിപ്പെട്ടു. അപ്പോഴും പ്രവർത്തനശൈലി അതുപോലെ തന്നെ തുടർന്നു. ഇതെല്ലാമായിരുന്നിട്ടും സുപ്രീംകോടതിയിലേക്ക് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നൽകി. 2008 ജൂലായ് 7 മുതൽ 2012 ജനുവരി 27 വരെയുള്ള മൂന്നര വർഷത്തെ സേവനകാലയളവിൽ വെറും ഏഴ് വിധി പ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധി ന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുൾപ്പെട്ട ബെഞ്ചിലെ മറ്റ് ജഡ്ജിമാരായിരുന്നു. ഒരു വിധിപോലും എഴുതാതെ സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളിൽ പിറുപിറുപ്പ് ഉയർന്ന അവസാന നാളുകളിലാണ് ഏഴ് വിധിന്യായങ്ങൾ അദ്ദേഹം തയ്യാറാക്കിയത്. അലസ ജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗത്വം സമ്മാനിക്കുകയായിരുന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച സുധാംഷു രഞ്ജുവിന്റെ 'ജസ്റ്റിസ് വേഴ്‌സസ് ജുഡിഷ്യറി' പുസ്തകത്തിലെ വരികൾ ഉദ്ധരിച്ചായിരുന്നു ജലീൽ പോസ്റ്റിട്ടത്.