
മലപ്പുറം: പ്രീ പ്രൈമറി അദ്ധ്യാപകരുടെയും ആയമാരുടേയും ഓണറേറിയം റദ്ദാക്കിയ സർക്കാർ നടപടി പെരുവഴിയിലാക്കുന്നത് നിരവധി പേരെ. 2012ന് ശേഷം നിയമിതരായവരുടെ ഹോണറേറിയം റദ്ദാക്കിയുള്ള ഉത്തരവ് ജനുവരി 22നാണ് സർക്കാർ പുറപ്പെടുവിച്ചത്. അദ്ധ്യാപകർക്ക് 12,500 രൂപയും ആയമാർക്കും 7,500 രൂപയുമാണ് ഹോണറേറിയമായി നൽകിയിരുന്നത്. 2012ന് മുമ്പ് നിയമിച്ചവർക്ക് സർക്കാരും ഇതിന് ശേഷമുള്ളവർക്ക് പി.ടി.എയുമാണ് ഹോണറേറിയം നൽകിയിരുന്നത്. പുതിയ ഉത്തരവോടെ തുടർന്നും പി.ടി.എകൾ തന്നെ ഹോണറേറിയം നൽകേണ്ടിവരും.
കുട്ടികളിൽ നിന്ന് പണം പിരിച്ച് എത്രകാലം മുന്നോട്ടുകൊണ്ടുപോവാൻ കഴിയുമെന്ന ആശങ്കയിലാണ് പി.ടി.എ ഭാരവാഹികൾ. 2012ന് ശേഷം നിയമിതരായവർക്ക് ഹോണറേറിയം നൽകുമെന്ന് സർക്കാർ നേരത്തെ വാഗ്ദാനമേകിയിരുന്നു. ഇതിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്നവരെ തീർത്തും നിരാശപ്പെടുത്തുന്നതാണ് പുതിയ തീരുമാനം. പ്രീ പ്രൈമറി സ്കൂളുകളെ കുറിച്ച് പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഹോണറേറിയം നിറുത്തലാക്കിയത്. അതേസമയം 2012ന് മുമ്പുള്ള ജീവനക്കാർക്ക് ഹോണറേറിയം നൽകും. ജില്ലയിൽ 200ൽ അധികം സ്കൂളുകളിലാണ് പ്രീപ്രൈമറി സ്കൂളുകളുണ്ട്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് കൂടിയതോടെ പൊതുവിദ്യാലയങ്ങളെ നിലനിറുത്താനാണ് സർക്കാർ പിന്തുണയോടെ പി.ടി.എകൾ പ്രീ പ്രൈമറികൾ ആരംഭിച്ചത്.
ഒന്നും കിട്ടാതെ എയ്ഡഡ് സ്കൂളുകൾ
എയ്ഡഡ് സ്കൂളുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറികൾക്ക് സർക്കാർ യാതൊരുവിധ ആനുകൂല്യവും നൽകുന്നില്ല. 2012ന് മുമ്പ് നിയമിതരായവർക്കും ഹോണറേറിയമില്ല. വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം മാത്രമാണ് നൽകുന്നത്. പി.ടി.എ മുഖാന്തിരമാണ് ശമ്പളം നൽകുന്നത്. വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾക്കടക്കം രക്ഷിതാക്കളിൽ നിന്ന് പണം ഈടാക്കുകയാണ് ചെയ്യുന്നത്. വിദ്യാർത്ഥികളിൽ നിന്ന് നിശ്ചിത ഫീസും ഈടാക്കി വരുന്നുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളെയും സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി അദ്ധ്യാപക സംഘടനകൾ രംഗത്ത് വന്നിരുന്നു. പുതിയ ഉത്തരവോടെ ഇവരും ആശങ്കയിലാണ്.
ഉത്തരവിൽ പറയുന്നത്
അദ്ധ്യാപക സംഘടനകളുടെ ആവശ്യങ്ങൾ
തുച്ഛമായ ശമ്പളമാണ് പ്രീ പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും ലഭിക്കുന്നത്. സർക്കാർ സകൂളുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹോണറേറിയം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ജീവനക്കാർ കടുത്ത ആശങ്കയിലാണ്. സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.
- എം.നുസ്റത്ത്, കെ.പി.എസ്.ടി.എ ജില്ലാ ചെയർപേഴ്സൺ