award

പെരിന്തൽമണ്ണ: പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനും ഗ്രന്ഥലോകം മുൻ പത്രാധിപരും അദ്ധ്യാപകനും ചെറുകാട് സ്മാരക ട്രസ്റ്റ്രിന്റെ മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന പ്രൊഫ: പാലക്കീഴ് നാരായണന്റെ സ്മരണക്കായി ചെറുകാട് ട്രസ്റ്റ് സ്ഥിരം വേദിയൊരുക്കുന്നു. പാലക്കീഴിന്റെ ജന്മദിനമായ മാർച്ച് 15ന് അനുസ്മരണവും പാലക്കീഴ് പുരസ്‌കാര സമർപ്പണവും സംഘടിപ്പിക്കും. ഇതിനായി ഓരോ വർഷവും കോളേജ് വിദ്യാർത്ഥികൾക്കായി കവിത, കഥാ മത്സരം നടത്തുന്നതിനും തീരുമാനിച്ചു. മലയാള ഭാഷയിൽ രചിച്ച കവിതക്കോ കഥയ്‌ക്കോ മാറി മാറി മത്സരം നടത്താനാണ് തീരുമാനം. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന രചനയ്ക്ക് പതിനായിരം രൂപയുടെ കാഷ് അവാർഡും പ്രശസ്തി പത്രവും സമ്മാനിയ്ക്കും.

ഈ വർഷം കവിതയ്ക്കാണ് പുരസ്കാരം. എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മുമ്പ് പ്രസിദ്ധീകരിക്കാത്ത

കവിതയും കോളേജ് വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന അധികൃതരുടെ സാക്ഷ്യപത്രവും സഹിതം 25ന് മുമ്പ് ലഭിക്കണം. വിലാസം: സെക്രട്ടറി, ചെറുകാട് ട്രസ്റ്റ്, ചെറുകാട് സ്മാരക മന്ദിരം, പെരിന്തൽമണ്ണ 679322. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447108099. വാർത്താ സമ്മേളനത്തിൽ വി. ശശികുമാർ, കെ. മൊയ്തുട്ടി, വേണു പാലൂർ എന്നിവർ അറിയിച്ചു.