arrest

തിരൂർ: എക്സൈസിന്റെ രാത്രികാല പെട്രോളിംഗിനിടെ ഇരിങ്ങാവൂർ എം.കെ.എച്ച് ഓഡിറ്റോറിയത്തിന് സമീപത്ത് വച്ച് കഞ്ചാവ് പിടികൂടി. 2.100 കി.ഗ്രാം കഞ്ചാവുമായി ചെറിയമുണ്ടം വില്ലേജിൽ വാണിയന്നൂർ കുന്നത്ത് പറമ്പിൽ വീട്ടിൽ മുഹമ്മദ് മകൻ അയമുവാണ് പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആവശ്യക്കാരെന്ന വ്യാജേന വിളിച്ച് വരുത്തിയാണ് ഇയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് പ്രാദേശിക വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരും. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും ഇയാൾക്ക് എത്തിച്ച് കൊടുത്തവരെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യും. എക്‌സൈസ് സർക്കിൾ ഇൻസ്പകടറായ പി. ജിജു ജോസ്, പ്രിവന്റീവ് ഓഫീസറായ സുനിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാകേഷ് എം. ധനേഷ്, മുഹമ്മദ് അലി.കെ, എക്‌സൈസ് ഡ്രൈവർ പ്രമോദ് എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.