d
തിരൂർ ജില്ലാ ആശുപത്രിയിലെ മാലിന്യ വെള്ള ടാങ്ക്

തിരൂർ: രോഗം മാറാൻ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തുന്നവർക്ക് മറ്റേതെങ്കിലും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളത്. ജില്ലാ ആശുപത്രിയിലെ മാലിന്യ ടാങ്കാണ് ഇവിടെ വില്ലനാവുന്നത്. രോഗികളും കൂട്ടിരുപ്പുകാരും മാറാ രോഗം പിടിപ്പെട്ട് മറ്റു ആശുപത്രികളെ ആശ്രയക്കേണ്ട ഗതകേടിലാണിവിടെ.
മാതൃ ശിശു ബ്ലോക്കിന് താഴെയാണ് മലിനജലം കെട്ടികിടക്കുന്നത്. ദിവസവും മുപ്പതിനായിരത്തിൽ ഏറെ ലിറ്റർ വെള്ളമാണ് ഹോസ്പിറ്റലിൽ ഉപയോഗിക്കുന്നത്. ഈ വെള്ളമത്രയും ശിശു ബ്ലോക്കിന് താഴെ ഭൂമിക്കടിയിലുള്ള ടാങ്കിൽ എത്തിക്കുന്നതാണ് പതിവ്. എന്നാൽ നിലവിൽ നിർമിച്ച ടാങ്കിൽ സംഭരണ ശേഷി കുറവായതിനാൽ ടാങ്ക് നിറഞ്ഞ് മലിന വെള്ളം പുറത്തേക്ക് ഒഴുകുന്നതാണ് വെള്ളം കെട്ടികിടക്കാൻ കാരണമാകുന്നത്. അതിനാൽ രോഗികൾക്കും ബന്ധുക്കൾക്കും മറ്റു രോഗങ്ങൾ പിടിപ്പെടാൻ സാധ്യത ഏറെ ആണ്.

ഏകദേശം മൂന്നുവർഷത്തോളമായി ഈ അവസ്ഥ തുടങ്ങിയിട്ട്. ദീർഘകാലമായുള്ള രോഗികളുടെ പരാതിയാലും വിവിധ രാഷ്ട്രീയ സംഘടനകൾ സർക്കാരിന് പരാതി അയച്ചതിന്റെ അടിസ്ഥാനത്തിലും സർക്കാർ ഒന്നര കോടിയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രശ്ന പരിഹാരം ഇതുവരെയായിട്ടില്ല. പുതിയതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ട്രീറ്റ് മെന്റ് പ്ലാന്റിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ചാൽ ഈ മലിന വെള്ളക്കെട്ടിന് ഒരു പരിഹാരം ആകുമെന്നായിരുന്നു പൊതുവെ ഉള്ള വിലയിരുത്തൽ. പക്ഷെ ഇതുവരെ അതിന്റെ നിർമാണം ആരംഭിച്ചിട്ടില്ല.