 
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ഫീഡർ സ്റ്റേഷൻ നിർമ്മിക്കുന്ന സ്ഥലത്ത് പരിശോധന നടത്തുന്നു.
കോട്ടക്കൽ: അതിവേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനായി കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് ബൈപാസ് റൈഡറുകൾ ആരംഭിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം ബൈപാസ് പാതകളിലൂടെയാണ് ഇവ ആരംഭിക്കുന്നത്. നിലവിലെ സൂപ്പർ ക്ലാസ് സർവീസുകൾ ബൈപാസ് റൈഡർ സർവീസുകളായി പുനക്രമീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോട്ടക്കൽ ചെനക്കലിൽ ഒരു ഫീഡർ സ്റ്റേഷൻ സ്ഥാപിക്കും. നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽ നിന്നും ഈ ഫീഡർ സ്റ്റേഷനിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കാൻ ഫീഡർ സർവീസുകൾ ആരംഭിക്കും. ഇതിനായി ചങ്കുവെട്ടി ചെനക്കലിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഫീഡർ സ്റ്റേഷന്റെ സ്ഥല പരിശോധന നടന്നു.
കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. സോൺ ഓഫീസർ സിബി, അസി. ട്രാൻസ്‌പോർട്ട് ഓഫീസർ ജോസിജോൺ, ഓവർസിയർ സജീവ്, ഇൻസ്‌പെക്ടർ മധു, കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് മുൻ അംഗം കെ.കെ. ഫൈസൽ തങ്ങൾ, കോട്ടക്കൽ നഗരസഭാ അദ്ധ്യക്ഷ ബുഷറ ഷബീർ, ഉപാദ്ധ്യക്ഷൻ പി.പി. ഉമ്മർ, പി. ഉസ്മാൻ കുട്ടി എന്നിവർ സ്ഥല പരിശോധനയിൽ പങ്കെടുത്തു.