covid

മലപ്പുറം: ജില്ലയിൽ കൊവിഡ് മരണാനന്തര ധനസഹായ പദ്ധതി പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഇതുവരെ നൽകിയത് 16.65 കോടി രൂപ. 3,014 അപേക്ഷകർക്കാണ് തുക കൈമാറിയത്. കൊവിഡ് മരണാനന്തര ധനസഹായത്തിനായി ഇതുവരെ 3,714 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. ഇതിൽ 3,444 അപേക്ഷകൾ അംഗീകരിച്ചു. മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് 113 അപേക്ഷകൾ തള്ളി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപവീതമാണ് സർക്കാർ ധനസഹായമായി നൽകുന്നത്. തീർപ്പാക്കാത്ത അപേക്ഷകളിന്മേൽ നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

അപേക്ഷിക്കുന്നതിന്

കൊവിഡ് മരണ ധനസഹായത്തിനായി www.relief.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. ഇതിനൊപ്പം ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് അല്ലെങ്കിൽ അപ്പീൽ മുഖാന്തരം എ.ഡി.എമ്മിൽ നിന്നും ലഭിച്ച ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, അനന്തര അവകാശികൾ ഉൾപ്പെട്ട റേഷൻ കാർഡ്, ആധാർ കാർഡുകൾ, ബാങ്ക് പാസ്ബുക്ക് എന്നിവയും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.