
സംസ്ഥാനത്ത് പൊതുമേഖലയിലുള്ള ഏക വിമാനത്താവളമായ കരിപ്പൂർ നിലനിൽപ്പിന്റെ ചക്രശ്വാസം വലിക്കുകയാണ്. സ്വകാര്യ വിമാനത്താവളങ്ങൾക്കായി കരിപ്പൂരിന്റെ ചിറകരിയാൻ അധികൃതർ ശ്രമിക്കുമ്പോൾ കടുത്ത ആശങ്കയിലാണ് മലബാറിലെ ജനത. സംസ്ഥാനത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂരിലേത്. കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയുടെ നീളംകുറച്ച് റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടാനുള്ള വിചിത്രമായ നടപടികളിലാണ് അധികൃതർ. വിമാനദുരന്തത്തിന് പിന്നാലെ താത്ക്കാലിക വിലക്കേർപ്പെടുത്തിയ വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാനിരിക്കെ റൺവേയുടെ നീളം കുറയ്ക്കുന്നത് തിരിച്ചടിയാവും. നിലവിൽ 2,860 മീറ്ററാണ് റൺവേയുടെ നീളം. റൺവേയുടെ ഇരുവശങ്ങളിൽ നിന്ന് 150 മീറ്റർ വീതം റിസയുടെ നീളം വർദ്ധിപ്പിക്കുന്നതിന് എടുക്കുന്നതോടെ റൺവേയുടെ നീളം 2,540 മീറ്ററായി കുറയും. നിലവിൽ 90 മീറ്ററാണ് റിസയുടെ നീളം. റൺവേയിൽ നിന്നുള്ള ഭാഗങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെടുന്നതോടെ റിസയുടെ നീളം 240 മീറ്ററായി വർദ്ധിക്കും. റൺവേയുടെ നീളം 3,200 മീറ്ററാക്കാൻ കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് റൺവേയുടെ നീളം കുറയ്ക്കാനുള്ള അധികൃതരുടെ അപ്രതീക്ഷിത നീക്കമുണ്ടായത്.
റിസയുടെ നീളം കൂട്ടി മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒന്നര വർഷത്തിലധികം സമയമെടുക്കും. റിസയുടെ നീളം കൂട്ടുന്ന പ്രവൃത്തി ജൂലായ് 30നകം തീർക്കാനാണ് ലക്ഷ്യമിടുന്നത്. ഐ.എൽ.എസ്, ലൈറ്റ് സംവിധാനങ്ങൾ അടക്കമുള്ളവ ഡിസംബർ 31നകവും. റൺവേ റീ കാർപ്പറ്റിംഗ്, സെൻട്രൽ ലൈറ്റിംഗ് എന്നിവ 2023 മാർച്ച് 31നകം തീർക്കാനുമാണ് എയർപോർട്ട് അതോറിറ്റി ലക്ഷ്യമിടുന്നത്. ഇക്കാലയളവിൽ കരിപ്പൂരിലെ വിമാന സർവീസുകളിൽ അടിമുടി മാറ്റം വരുത്തേണ്ടിവരും. നിലവിൽ ഇടത്തരം വിമാനങ്ങളാണ് കരിപ്പൂരിലേക്ക് സർവീസ് നടത്തുന്നത്. ഇതിൽ തന്നെ പുനഃക്രമീകരണങ്ങൾ വേണ്ടി വരുമെന്നത് കരിപ്പൂരിനെ നഷ്ടക്കണക്കിലേക്ക് തള്ളിയിടും.
എന്നിറങ്ങും വലിയ വിമാനം ? 
റൺവേയിലെ വിള്ളലുകളെ തുടർന്ന് 2015ൽ അറ്റകുറ്റപ്പണിക്കായി റൺവേ അടച്ചതോടെ വിമാന സർവീസ് പൂർണമായും നിലച്ചിരുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങൾ അടക്കം ഒരുക്കി 2,860 മീറ്ററിൽ റൺവേ കൂടുതൽ ബലപ്പെടുത്തി. എന്നിട്ടും ജനകീയ പ്രക്ഷോഭങ്ങൾ വേണ്ടിവന്നു വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാൻ. ഇതുതന്നെ പൂർണ തോതിൽ ആരംഭിച്ചിട്ടുമില്ല. 2018 അവസാനത്തിൽ സൗദി എയർലൈൻസ് വലിയ വിമാനങ്ങളുടെ സർവീസിന് തുടക്കമിട്ടെങ്കിലും ഇത് പേരിന് മാത്രമായി. മറ്റ് വിമാന കമ്പനികൾക്കൊന്നും വലിയ വിമാനങ്ങളുടെ സർവീസ് തുടങ്ങാനായില്ല. പ്രതിഷേധം വീണ്ടും ശക്തമായതോടെ വലിയ വിമാനങ്ങളുടെ സർവീസിനുള്ള നടപടികൾക്ക് അധികൃതർ വീണ്ടും തുടക്കമിട്ടപ്പോഴാണ് കരിപ്പൂരിൽ ദുബൈയിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. തൊട്ടുപിന്നാലെ വലിയ വിമാനങ്ങളുടെ സർവീസിന് കേന്ദ്ര വ്യോമയാന വകുപ്പ് വിലക്കേർപ്പെടുത്തി. അപകടാന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുന്നതിൽ തീരുമാനമെടുക്കും എന്നാണ് അറിയിച്ചിരുന്നത്. ദുരന്തമുണ്ടായി ഒരുവർഷത്തിന് ശേഷം പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിൽ ലാൻഡിംഗിൽ പൈലറ്റിന് വന്ന പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്നും റൺവേയുടെ പ്രശ്നങ്ങളല്ല കാരണമെന്നും ചൂണ്ടിക്കാട്ടി. ഇതിനിടെ വിമാനത്താവളം കൂടുതൽ സുരക്ഷിതമാക്കുന്നതിനായി വിവിധ സൗകര്യങ്ങളും ഏർപ്പെടുത്തി. റൺവേയിൽ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും പുതുതായി കൊണ്ടുവന്നു. ഡി.ജി.സി.ഐയുടെ നിർദ്ദേശപ്രകാരം റൺവേയിൽ നിന്ന് വശങ്ങളിലേക്ക് വിമാനം തെന്നിയാലും അപകടം ഒഴിവാക്കുന്നതിന് വേണ്ടി റൺവേയുടെ ഇരുവശങ്ങളിലും മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലിയും തുടങ്ങി. മികച്ച സൗകര്യങ്ങൾ ഒരുക്കിയതോടെ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ ഉൾപ്പെടെയുള്ളവർ. റിസയുടെ നീളം കൂട്ടാനുള്ള അധികൃതരുടെ തീരുമാനത്തോടെ ഈ പ്രതീക്ഷകൾ അസ്തമിക്കുകയാണ്.
വലിയ വിമാനങ്ങളുടെ സർവീസിന് ഒന്നരവർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. നിർമ്മാണ പ്രവൃത്തി തുടങ്ങുന്നതോടെ റൺവേയുടെ ക്രമീകരണങ്ങളെല്ലാം മാറ്റേണ്ടിവരും. വലിയ സാമ്പത്തികഭാരത്തിനൊപ്പം ഇത് നിലവിലെ വിമാന സർവീസുകളെയും ബാധിക്കും. നിർമ്മാണ പ്രവൃത്തികളുടെ സമയക്രമം അനുസരിച്ച് വിമാന സർവീസുകളും പുനഃക്രമീകരിക്കേണ്ടിവരും. വലിയ വിമാനങ്ങളുടെ സർവീസ് തുടങ്ങാത്തതിനാൽ നിലവിൽ കരിപ്പൂരിൽ യാത്രാ പ്രതിസന്ധി രൂക്ഷമാണ്. റിസയുടെ നീളംകൂട്ടുന്ന പ്രവൃത്തി പൂർത്തിയായാൽ വിമാന കമ്പനികൾ സ്റ്റാൻഡേഡ് ഓഫ് ഓപ്പറേഷൻസ് പ്രൊസീജ്യർ ഡി.ജി.സി.ഐയ്ക്ക് സമർപ്പിക്കണം. സർവീസുമായി ബന്ധപ്പെട്ട റിസ്‌ക്കുകൾ വിമാനക്കമ്പനികൾ ഏറ്റെടുക്കേണ്ടി വരും. നീളം കുറഞ്ഞ റൺവേയിൽ സർവീസ് നടത്തുന്നതിലെ റിസ്‌ക്ക് വിമാന കമ്പനികൾ ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ പല വിമാന സർവീസുകളും കരിപ്പൂരിന് നഷ്ടമാവും.
എസ്റ്റിമേറ്റുമായി മുന്നോട്ട്
ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ച് റിസയുടെ നീളം കൂട്ടാനുള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടെ റൺവേ നവീകരണത്തിന് ആഗോള ടെണ്ടർ വിളിക്കും.റൺവേയുടെ നീളം കുറയ്ക്കുന്നതിലെ ആശങ്ക വിമാനത്താവള ഉപദേശക സമിതിയും ജനപ്രതിനിധികളും അധികൃതർക്ക് മുന്നിൽ ഉന്നയിച്ച് മറുപടി പ്രതീക്ഷിച്ച് നിൽക്കുന്നതിനിടെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കി മുന്നോട്ടുപോവുന്നത്. റൺവേയുടെ നീളം കുറയ്ക്കാതെ എയർപോർട്ട് അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയും ആവശ്യമെങ്കിൽ മറ്റ് ഭൂമികളും ഏറ്റെടുത്ത് റിസയുടെ നീളം വർദ്ധിപ്പിക്കാമെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ മുഖവിലയ്‌ക്കെടുത്തിട്ടില്ല. വിമാനാപകടമുണ്ടായ പാലക്കപ്പറമ്പ് ഭാഗത്ത് ആവശ്യത്തിന് സ്ഥലം എയർപോർട്ട് അതോറിറ്റിയുടെ കൈവശമുണ്ട്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങൾ കൂടുതൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമ്പോൾ പൊതുമേഖലയിലുള്ള ഏക വിമാനത്താവളമായ കരിപ്പൂർ നിലനിൽപ്പിന്റെ ചക്രശ്വാസം വലിക്കുകയാണ്. ഇന്നലെ പാർലമെന്റിൽ ഇ.ടി.മുഹമ്മദ് ബഷീറും എം.പി അബ്ദുസമദ് സമദാനിയും കരിപ്പൂർ വിമാനത്താവളം സംബന്ധിച്ച വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
അതൃപ്തിയിൽ ഉപദേശക സമിതി
റിസയുടെ നീളം വർദ്ധിപ്പിക്കാൻ മറ്റ് വഴികളൊന്നും തേടാതെ റൺവേയുടെ നീളം കുറയ്ക്കാനുള്ള എയർപോർട്ട് അധികൃതരുടെ നീക്കത്തിൽ വിമാനത്താവള ഉപദേശക സമിതി കടുത്ത അതൃപ്തിയിലാണ്. സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച കണ്ണൂർ എയർപോർട്ടിന് വേണ്ടി കരിപ്പൂരിനെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇതിന് പിന്നിലെന്ന വികാരമാണ് ഉപദേശക സമിതിയംഗങ്ങൾ പ്രകടിപ്പിക്കുന്നത്. വിമാനത്താവള ഉപദേശക സമിതി ചെയർമാൻ കൂടിയായ എം.പി.അബ്ദുസമദ് സമദാനി, കോ-ചെയർമാൻ എം.കെ.രാഘവൻ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവർ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ കണ്ട് അതൃപ്തി അറിയിക്കുകയും വിഷയത്തിൽ ഇടപെടണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. റിസയുടെ നീളം കൂട്ടാൻ മറ്റ് മാർഗങ്ങളുണ്ടെന്നിരിക്കെ റൺവേയുടെ നീളം കുറയ്ക്കുകയെന്നത് വിചിത്രമായ തീരുമാനമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് വിമാനത്താവള ഉപദേശക സമിതിയുടെ അഭിപ്രായം.