d
തിരൂർ ആർ.ഡി.ഒ വെള്ളിലക്കാട് പ്രദേശത്ത് പരിശോധന നടത്തുന്നു


തിരൂരങ്ങാടി: തിരൂരങ്ങാടി മേഖലയിൽ കടലുണ്ടിപ്പുഴയുടെ മിക്ക ഭാഗങ്ങളിലും കരയിടിയുന്നതിനെ തുടർന്ന് തിരൂർ ആർ.ഡി.ഒ പി. സുരേഷിന്റെയും ഇറിഗേഷൻ വകുപ്പ് അധികൃതരുടെയും താലൂക്ക് തഹസിൽദാരുടെയും നേതൃത്വത്തിലുള്ള സംഘം പുഴക്കടവിൽ പരിശോധന നടത്തി. തിരൂരങ്ങാടി വെള്ളിലക്കാട് പ്രദേശത്ത് 300ൽ പരം വീടുകളാണുള്ളത്. പത്താം ഡിവിഷൻ ഉൾപ്പെട്ട പ്രദേശത്തെ പതിനാലിൽ പരം വീടുകൾ പുഴയിടിച്ചിലിന്റെ ഭീഷണിയിലുമാണ്.

കരയിടിയുന്നത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞവർഷം ഫെബ്രുവരി 16ന് വാർത്ത നൽകിയിരുന്നു. തുടർന്ന് തിരൂരങ്ങാടി താലൂക്ക് തഹസിൽദാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും അന്നത്തെ കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കെ.വി റാബിയയെ സന്ദർശിക്കാനെത്തിയ റവന്യുമന്ത്രി കെ. രാജൻ ജില്ലാ കളക്ടറോട് വിഷയത്തിൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർ നടപടിയുടെ ഭാഗമായാണ് ആർ.ഡി.ഒയും സംഘവും സ്ഥലത്തെത്തിയത്.

മലപ്പുറം മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഗീത, അസിസ്റ്റന്റ് എൻജിനിയർമാരായ അശോക് കുമാർ, പരപ്പനങ്ങാടി അഹമ്മദലി, തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ എൻ. മോഹനൻ, ഡെപ്യൂട്ടി തഹസിൽദാർ കെ.കെ. സുധീഷ്, തിരൂരങ്ങാടി താലൂക്ക് ആർ.എ സി.കെ. അബ്ദുൽ റസാഖ്, തിരൂരങ്ങാടി സ്‌പെഷൽ വില്ലേജ് ഓഫീസർ കണ്ണമ്പുലാക്കൽ ഷാജു, തിരൂരങ്ങാടി പത്താം ഡിവിഷൻ കൗൺസിലർ അരിമ്പ്ര മുഹമ്മദാലി തുടങ്ങിയവർ പരിശോധനയ്ക്കെത്തി. 2018- 2019 പ്രളയത്തിലാണ് ഇവിടെ ഏറ്റവും കൂടുതൽ കരയിടിച്ചിൽ ഉണ്ടായത്.

വരുംദിവസങ്ങളിൽ ജില്ലാ മേജർ ഇറിഗേഷൻ വകുപ്പ് പരിശോധന നടത്തും

- ഗീത, മലപ്പുറം മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ