
മലപ്പുറം: ജില്ലാ ഉപഭോക്തൃ കോടതിയിൽ പരിഹരിക്കപ്പെടാതെ കിടക്കുന്നത് 963 പരാതികൾ. 2012 മുതലുള്ള പരാതികൾ ഇക്കൂട്ടത്തിലുണ്ട്. നോട്ടീസ് നൽകിയാലും കൃത്യസമയത്ത് ഹാജറാകുന്നതിൽ പരാതിക്കാരും എതിർകക്ഷികളും വീഴ്ച വരുത്തുന്നതാണ് പ്രധാന കാരണം. കൊവിഡ് മൂലം സിറ്റിംഗുകൾ മുടങ്ങിയതും തിരിച്ചടിയായി. കഴിഞ്ഞ വർഷം 403 പരാതികൾ ഫയൽ ചെയ്തപ്പോൾ 61 എണ്ണമാണ് പരിഹരിക്കാനായത്. ഇതിന് പുറമെ മുൻ വർഷങ്ങളിലെ പരാതികളടക്കം ആകെ 242 എണ്ണം പരിഹരിച്ചു.
കക്ഷികൾ ഹാജറാവുന്നതിൽ വീഴ്ച വരുത്തുന്നതിനാൽ ഒരു പരാതിയിൽ തന്നെ മൂന്നും നാലും തവണ നോട്ടീസ് അയക്കേണ്ട അവസ്ഥയുണ്ട്. പരാതി തീർപ്പാക്കാൻ ചുരുങ്ങിയത് നാലോ അഞ്ചോ സിറ്റിംഗാണ് സാധാരണയായി വേണ്ടി വരുന്നത്. സംസ്ഥാന കമ്മീഷനിലേക്ക് അപ്പീൽ പോവുക, എതിർകക്ഷികളുടെ മരണം, കടപൂട്ടി പോവുക തുടങ്ങിയ സാഹചര്യങ്ങളിലായി നീണ്ടുപോയതാണ് 2012 മുതലുള്ള ചില കേസുകൾ. സാധാരണ ഗതിയിൽ ഒന്നര വർഷമാണ് ഒരു പരാതി പൂർത്തിയാക്കാൻ എടുക്കുന്ന സമയം. കൊവിഡ് സാഹചര്യമായതിനാൽ താരതമ്യേന പരാതികൾ കുറഞ്ഞിട്ടുണ്ട്. 32 പരാതികളാണ് ജനുവരിയിൽ രജിസ്റ്റർ ചെയ്തത്. ഡിസംബറിൽ 56 പരാതികൾ ഫയൽ ചെയ്തിരുന്നു. ഒരു സിറ്റിംഗിൽ 40 പരാതികൾ വരെ പരിഗണിച്ചിരുന്നെങ്കിൽ കൊവിഡ് നിയന്ത്രണം കണക്കിലെടുത്ത് പരമാവധി 20 പരാതികൾ മാത്രമാണ് ഇപ്പോൾ വിളിക്കുന്നത്.
മീഡിയേഷൻ സെൽ
മീഡിയേഷൻ സെൽ മുഖേനെ കേസുകൾ പെട്ടെന്ന് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജില്ലാ ഉപഭോക്തൃ കോടതിയിലെ സ്ഥല പരിമിതിയാണ് തടസ്സം. കക്ഷികളുടേയും എതിർകക്ഷികളുടേയും സമ്മതപ്രകാരം മദ്ധ്യസ്ഥൻ ഇടപെട്ട് കേസുകൾ ഒത്തുതീർപ്പാക്കുന്ന രീതിയാണ് മീഡിയേഷൻ. പരാതിയുടെ സ്വഭാവമനുസരിച്ചാണ് മീഡിയേഷൻ സെല്ലിന് കൈമാറുക. ഗൗരവകരമായ പരാതികൾ ഉപഭോക്തൃ കോടതി നേരിട്ട് പരിഗണിക്കും. ഉപഭോക്തൃ കോടതിക്കായി നിർമ്മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിൽ മീഡിയേഷൻ സെല്ലിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഇതോടെ കൂടുതൽ പരാതികൾ പെട്ടെന്ന് പരിഹരിക്കാനാകുമെന്ന് ജില്ലാ ഉപഭോക്തൃ കോടതി അധികൃതർ പറഞ്ഞു.