d
പൊന്നാനിയിലെ സാംസ്‌കാരിക ഇരിപ്പിട കേന്ദ്രം

പൊന്നാനി: അറബികടലിന്റെ തീരത്ത് കടൽകാറ്റേറ്റ് കാറ്റാടി തണലിൽ ഇരിക്കാൻ പൊന്നാനിയിൽ സാംസ്‌കാരിക ഇരിപ്പിട കേന്ദ്രം ഒരുങ്ങി. പൊന്നാനി നഗരസഭാ ഭരണാസമിതിയുടെ പ്രകടന പത്രികയിൽ ഉൾപ്പെട്ട മുഴുവൻ വാർഡുകളിലും സാംസ്‌കാരിക കേന്ദ്രം എന്ന പദ്ധതിയുടെ ഭാഗമായാണ് പാർക്ക് ഒരുക്കിയത്. കടലോര ടൂറിസം ലക്ഷ്യമിട്ട് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജീലാനി നഗർ കടൽ തീരത്ത് ഇരിപ്പിടം നിർമ്മിച്ചത്. രണ്ട് വർഷം മുമ്പാണ് വനംവകുപ്പ് നൽകിയ കാറ്റാടിതൈകൾ കടലോരത്ത് നട്ടത്. ഇതിന്റെ തണലിലാണ് നഗരസഭാ ഇരിപ്പിടങ്ങളോട് കൂടിയ മനോഹര പാർക്ക് പണികഴിപ്പിച്ചത്. തറയിൽ 3,000 ചതുരശ്ര അടിയിൽ കട്ട വിരിച്ചിട്ടുണ്ട്. 4 പേർക്ക് വീതം ഇരിക്കാവുന്ന 15 ഇരിപ്പിടങ്ങൾ സജ്ജമാക്കി. അടുത്ത ഘട്ടത്തിൽ പാർക്കിനോട് ചേർന്ന സ്ഥലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കാനും നഗരസഭ പദ്ധതി തയ്യാറാകുന്നുണ്ട്. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കും. 2018 ൽ കൊല്ലൻപടിയിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നഗരസഭ കവിമുറ്റം സാംസ്‌കാരിക പാർക്ക് നിർമിച്ചിരുന്നു.
പാർക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം നിർവഹിച്ചു. പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആബിദ, രജീഷ് ഊപ്പാല, കൗൺസിലർ ഗിരീഷ്‌കുമാർ, വാർഡ് കൗൺസിലർ പി.കെ ജംഷീന മൊയ്ദു, നഗരസഭാ എഞ്ചിനീയർ സുജിത്ത് ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.