nilambur

നിലമ്പൂർ: നിലമ്പൂർ ഷൊർണ്ണൂർ പാതയിൽ കൊവിഡ് പ്രതിസന്ധി മൂലം നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളിലൊന്ന് എക്‌‌സ്പ്രസായി പുനരാരംഭിക്കുമ്പോൾ ഈ പാതയിലെ യാത്രാചെലവും വർദ്ധിക്കും. നിലവിലെ മിനിമം ടിക്കറ്റ് നിരക്ക് മൂന്ന് ഇരട്ടിയോളമാവും. പാതയിലെ സ്റ്റോപ്പുകളുടെ എണ്ണം കുറയുന്നതും യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.
നിലമ്പൂരിൽ നിന്നും രാവിലെ 7ന് പുറപ്പെട്ട് 8.40ന് ഷൊർണ്ണൂരിലെത്തുന്ന 06466 നമ്പർ അൺറിസർവ്ഡ് എക്സ്പ്രസ് വണ്ടിയാണ് മാർച്ച് ഒന്ന് മുതൽ ആരംഭിക്കുന്നത്. വൈകിട്ട് 5.55ന് ഷൊർണ്ണൂരിൽ നിന്നും പുറപ്പെട്ട് 7.35ന് നിലമ്പൂരിൽ എത്തുന്ന 06473 നമ്പർ സർവീസും മാർച്ച് ഒന്നിന് ആരംഭിക്കും.രാവിലെ നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന വണ്ടിക്ക് വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് ഷൊർണ്ണൂരിന് പുറമെ സ്റ്റോപ്പുകളുള്ളത്. തിരിച്ചും ഇതേ രീതിയിലായിരിക്കും എക്സ്പ്രസ് സർവീസ് നടത്തുക.

ടിക്കറ്റ് നിരക്ക് ഇരട്ടിയാവും

വാണിയമ്പലത്തേക്കുള്ള യാത്രക്കാർക്ക് പഴയ ടിക്കറ്റ് നിരക്കായ 10 രൂപയ്ക്ക് പകരം 30 രൂപ കൊടുക്കേണ്ടി വരും. ഷൊർണ്ണൂരിലേക്കാകട്ടെ 20ന് പകരം 40 രൂപയും നൽകേണ്ടി വരും. ഹൃസ്വദൂര യാത്രക്കാർക്ക് ട്രെയിൻ ഉപകാരപ്പെടുന്നില്ലെന്നത് പ്രതികൂലമായി ബാധിക്കും. ടിക്കറ്റ് വരുമാനത്തിൽ തന്നെ വലിയതോതിൽ കുറവുണ്ടാകുന്നതിന് ഇത് കാരണമാവും. രാജ്യത്താകെ റെയിൽവേ നടപ്പിലാക്കുന്ന രീതിയാണിത്. പാസഞ്ചർ ട്രെയിനുകൾ കൊവിഡ് സാഹചര്യത്തിൽ നിർത്തലാക്കിയതിൽ പിന്നെ സർവീസ് നടത്തിയിട്ടില്ല. പകരം ഘട്ടംഘട്ടമായി എക്സപ്രസ് വണ്ടികളാണ് അനുവദിക്കുന്നത്. ഇത് നിലമ്പൂർ ഷൊർണ്ണൂർ പാതപോലുള്ള ജനപ്രിയ റൂട്ടിൽ യാത്രക്കാർക്ക് ഗുണം ലഭിക്കാതെ പോവുകയാണ്. ഏഴ് ട്രെയിനുകൾ സർവീസ് നടത്തിയിരുന്ന ഈ പാതയിൽ നിലവിൽ രാജ്യറാണിയും കോട്ടയം എക്സപ്രസ്സും മാത്രമാണ് സർവീസ് നടത്തുന്നത്. പുനരാരംഭിക്കാനിരിക്കുന്ന സർവീസിൽ മറ്റ് സ്റ്റോപ്പുകളുടെ കാര്യത്തിൽ പിന്നീട് വിജ്ഞാപനമിറക്കുമെന്ന് റെയിൽവേ തന്നെ അറിയിക്കുന്നുണ്ട്.