പരപ്പനങ്ങാടി: സുമനസുകളുടെ കാരുണ്യ ഹസ്തം സ്വീകരിച്ചു അവയവ ചികിത്സ പൂർണമാകാതെ സ്‌നേഹ യാത്രയായി. പാൻക്രിയാസ് അസുഖം ബാധിച്ചു കോയമ്പത്തൂർ കോവൈ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു പരപ്പനങ്ങാടി കോവിലകം റോഡ് കുറുങ്ങോടത്തിൽ സദാശിവൻ - വിജയലക്ഷ്മി ദമ്പതികളുടെ രണ്ട് മക്കളിൽ ഒരാളാണ് 21 വയസുകാരിയായ സ്‌നേഹ. അനിയൻ സായൂജ് പാൻക്രിയാസ് രോഗം പിടിപെട്ടു നേരത്തെ ചികിത്സയിലായിരുന്നു .ചികിത്സയിൽ ഇരിക്കെ കൊവിഡ് വന്നതാണ് സ്‌നേഹയുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. വൃക്ക രോഗത്തോടൊപ്പം പാൻക്രിയാസ് രോഗവും പിടിപെട്ടു രണ്ട് കണ്ണുകളുടെ കാഴ്ചയും സ്‌നേഹയ്ക്ക് നഷ്ടപ്പെട്ടിരുന്നു. വൃക്കയും പാൻക്രിയാസും മാറ്റിവച്ചാൽ കാഴ്ച തിരിച്ചു കിട്ടുമെന്ന് വിദഗ്ദ ഡോക്ടർമാരുടെ നിർദ്ദേശം കണക്കിലെടുത്ത് ഇതിന് വേണ്ട പണം സ്വരൂപിക്കുന്നതിനായി മുനിസിപ്പാലിറ്റി ചെയർമാൻ, ഡിവിഷൻ കൗൺസിലർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സഹായ നിധി കമ്മറ്റിക്ക് രൂപമേകിയിരുന്നു. അനിയൻ സായൂജിനും പാൻക്രിയാസ് മാറ്റിവയ്ക്കണം. രണ്ട് പേരുടെയും ചികിത്സയ്ക്കുമായി ഒരുകോടിയോളം രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. സായൂജ് ജന്മനാ അസുഖ ബാധിതനാണ്. ആദ്യഘട്ടത്തിൽ നടക്കാൻ പോലുമാവാതെ ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട് .എന്നാൽ പിന്നീട് ആയുർവേദ ചികിത്സയിലൂടെയാണ് നടക്കാൻ കഴിഞ്ഞത്. പതിനേഴുകാരനായ സായൂജ് നെടുവ ഗവൺമെന്റ് ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് . രണ്ട് വർഷത്തോളമായി സ്‌നേഹയ്ക്ക് അസുഖം തുടങ്ങിയിട്ട്. പ്ലസ്ടുവിന് ശേഷം ടി.ടി.സി പഠനം കൂടി പൂർത്തിയാക്കിയ ഈ 21കാരി പഠിപ്പിലും ഏറെ മിടുക്കിയായിരുന്നു. ഇതിനിടയിലാണ് കണ്ണിന്റെ കാഴ്ച നഷ്ടപെട്ടത്. രണ്ടു മക്കളുടെയും ചികിത്സക്കായി ലക്ഷങ്ങളാണ് ടൈൽസ് പണിക്കാരനായ സദാശിവൻ ചെലവഴിച്ചത് . ആകെയുള്ള 10 സെന്റ് സ്ഥലവും കിടപ്പാടവും ഇപ്പോൾ പണയത്തിലാണ് .