malappuram

മലപ്പുറം : കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി മലപ്പുറം ജില്ല. നിലവിലെ എറണാകുളംസേലം,പനവേൽ,കന്യാകുമാരിദേശീയപാതകളെ ബന്ധപ്പെടുത്തിയാണ് നിർദ്ദിഷ്ട ഗ്രീൻഫീൽഡ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പാലക്കാട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അവസാനിക്കുന്ന പുതിയ നാലുവരി പാതയ്ക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പാതയുടെ 52.97 കിലോമീറ്റർ ഭാഗം കടന്നുപോകുന്നത് മലപ്പുറം ജില്ലയിലൂടെയാണ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഇത് യഥാക്രമം 6.6 കി.മി,പാലക്കാട് 61.43 കി.മി എന്നിങ്ങനെയാണ്. പദ്ധതിക്കായി ആകെ 547.41 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ മലപ്പുറത്തെ 238.36 ഹെക്ടർ ഭൂമിയേറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനത്തിന് ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളുടെയും പിന്തുണ ലഭിച്ചതായി ജില്ലാകലക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു. 45 മീറ്റർ വീതിയിൽ നിർമിക്കുന്ന പുതിയപാത ജില്ലയിലെ അവികസിത മേഖലകളിലൂടെയാണ് കടന്നുപോകുക. ഇത് ആ പ്രദേശങ്ങളിലെ വികസനത്തിനും വഴിമരുന്നിടും. ഇതുകൂടാതെ രണ്ട് റെയിൽവേ ഓവർ ബ്രിഡ്ജുകളും നിലവിലെ റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് അണ്ടർ പാസുകളും ഓവർ പാസുകളും ഇരുവശത്തും സർവീസ് റോഡുകളും പുതിയ പാതയിൽ ഉണ്ടാകും. 100 കി.മി വേഗതയുള്ളതാകും നിർദ്ദിഷ്ടപാത. ഏറ്റെടുക്കുന്ന ഭൂമിയിൽ കഴിവതും നാശനഷ്ടങ്ങൾ ഒഴിവാക്കിയാകും പുതിയപാതയുടെ നിർമാണം. ഭൂമിയേറ്റെടുക്കലിന് കോട്ടക്കലിലെ ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടറെ നിയമിച്ചു. നിലവിൽ വില്ലേജുകളിൽ പാതക്കായി ഏറ്റെടുക്കേണ്ട ഭൂമിയെ സംബന്ധിച്ചുള്ള വിവരശേഖരണം നടക്കുകയാണ്. ഇതിനുശേഷം അലൈൻമെന്റിൽ അന്തിമമാക്കി വിജ്ഞാപനമിറങ്ങും. ആക്ഷേപമുള്ളവർക്ക് വിജ്ഞാപനമിറങ്ങി 21 ദിവസത്തിനകം രേഖാമൂലം പരാതി നൽകാം.

വീട് നഷ്ടപ്പെടുന്നവർക്ക് 2.86 ലക്ഷം രൂപ

അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷമാകും ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം, ഭൂമി, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള എല്ലാനിർമിതികൾക്കും, കാർഷികവിളകൾക്കും മരങ്ങൾക്കും വെവേറെയായാണ് നഷ്ടപരിഹാരം നൽകുക. കൂടാതെ സമാശ്വാസമായി ഇതിന്റെ ഇരട്ടിതുകയും നൽകും. നഗരങ്ങളിൽ ഒന്ന്, ഗ്രാമങ്ങളിൽ ആദ്യത്തെ പത്ത് കി.മിയ്ക്ക് 1.2, 1020 കി.മി 1.4, 2030 കി.മി 1.6, എന്നിങ്ങനെ പരമാവധി രണ്ടെന്ന ക്രമത്തിലാകും നഷ്ടപരിഹാരം കണക്കാക്കുക. ഒരുവർഷത്തിന് ശേഷമാണ് ഏറ്റെടുത്ത ഭൂമിയ്ക്ക് അവാർഡു നൽകുന്നതെങ്കിൽ അടിസ്ഥാന നിരക്കിനൊപ്പം 12 ശതമാനം കൂടികൂട്ടിയാകും നഷ്ടപരിഹാരം.

പദ്ധതിയ്ക്കായി ഭൂമി നൽകുന്നവർക്ക് നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസത്തിനും അർഹതയുണ്ടാകും. വീട് നഷ്ടപ്പെടുന്നവർക്ക് 2.86 ലക്ഷവും വ്യാപാര സ്ഥാപനങ്ങൾക്ക് 75,000 രൂപയും കാലിത്തൊഴുത്തിനും പെട്ടിക്കടകൾക്കും 25,000 രൂപയും പുനരധിവാസത്തിനായി അധികമായി അനുവദിക്കും. ഭാരത് മാലപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമിക്കുന്ന റോഡുകൾക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.