
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പരീക്ഷാ ഭവനിലെ സേവനങ്ങൾക്ക് കൈക്കൂലി ഈടാക്കിയെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാ ഭവനിലെ ഒരു അസിസ്റ്റന്റിനെയും അസി.സെക്ഷൻ ഓഫീസറെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് വരുന്ന മുറയ്ക്ക് നടപടിയെടുക്കും. പൂർണ്ണ രീതിയിൽ ഡിജിറ്റലൈസേഷനും ഫ്രണ്ട് ഓഫീസ് സംവിധാനവും നടപ്പാക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേരും.
ജീവനക്കാരുടെ സംഘടനാ നേതാക്കൾ, പരീക്ഷാഭവനിലെ വിവിധ ബ്രാഞ്ച് മേധാവികൾ എന്നിവരുമായി വി.സി നടത്തിയ ചർച്ചയിൽ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഗോഡ്‌വിൻ സാം രാജ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ.ജി. റിജുലാൽ, ഡോ.എം. മനോഹരൻ, അഡ്വ. ടോം കെ. തോമസ് എന്നിവരും പങ്കെടുത്തു.