-crime
ലഹരി

മലപ്പുറം: കൊണ്ടോട്ടി ടൗൺ കേന്ദ്രീകരിച്ച് മയക്കുമരുന്ന്, ലഹരി ഉപയോഗവും കച്ചവടവും വർദ്ധിച്ചുവരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കർശന നടപടികളുമായി നഗരസഭ. ഹെൽത്ത് ഇൻസ്‌പെക്ടർ പി. ശിവന്റെയും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെയും നേതൃത്വത്തിൽ കൊണ്ടോട്ടിയിലെ വിവിധ കടകളിലും പരിസര പ്രദേശങ്ങളിലും മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ഏതാനും കടകളിൽ നിന്ന് നിരോധിച്ച പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. നിരോധന ഉത്പന്നങ്ങൾ പിടിച്ചെടുത്ത കടകൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. ലഹരി വിൽപനക്കെതിരെയും ഉപയോഗത്തിനെതിരെയും ആവശ്യമായ ബോധവത്ക്കരണവും കുറ്റക്കാർക്കെതിരെ കർശന നടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹ്‌റ അറിയിച്ചു. തുടർന്നും പരിശോധനകൾ കർശനമാക്കും. നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ രാത്രികാല നിരീക്ഷണവും പരിശോധനയും ആരംഭിക്കും. ഇതിന്റെ ഭാഗമായി നഗരസഭാ ചെയർപേഴ്‌സണിന്റെ ചേംബറിൽ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് വൈകീട്ട് നാലിന് ജനപ്രതിനിധികൾ എക്‌സൈസ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരും.