പരപ്പനങ്ങാടി: കച്ചവട സാമഗ്രികൾ റോഡിൽ നിരത്തുന്നത് കാരണം റോഡിൽ അപകടം പതിവാകുന്നു. ചെട്ടിപ്പടി മുതൽ എം.വി. ഹയർസെക്കൻഡറി സ്‌കൂൾ വരെയുള്ള ഭാഗങ്ങളിലാണ് കോഴിക്കൂടും ആട്ടിൻ കൂടും കോൺക്രീറ്റ് റിംഗുകളും കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകളും വിറകുക്കൂട്ടങ്ങളുമെല്ലാം റോഡ് കൈയ്യേറി വിൽപ്പനക്കായി നിരത്തി വച്ചിരിക്കുന്നത്. ഫോൺ നമ്പരുകളിൽ വിളിച്ച് ആവശ്യക്കാർക്ക് ഉത്പന്നങ്ങൾ എത്തിച്ചാണ് കച്ചവടം. വഴിയേ പോകുന്ന വാഹനയാത്രക്കാർ ആവശ്യമുള്ള സാധനം നോക്കി അതിന്റെ ഫോൺ നമ്പരിൽ വിളിച്ചാൽ ഉടനെ ആളെത്തും. തിരൂർ കടലുണ്ടി സംസ്ഥാന പാതയിലുള്ള ഇത്തരം കച്ചവടം കൈയ്യേറ്റം പൊതുമരാമത്ത് നിരത്ത് വിഭാഗം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിൽ വീടു പണിക്കടക്കമുള്ള അസംസ്‌കൃത വസ്തുക്കൾ കൂട്ടിയിടുന്നത് ശിക്ഷാർഹമാണെങ്കിലും നിയമലംഘനം നടത്തിയാണ് ഈ രീതിയിലുള്ള കച്ചവടം നടക്കുന്നത്. വാഹന തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർക്കു പോലും നടക്കാൻ കഴിയാതെ കൂട്ടിയിട്ടിരിക്കുന്ന സാധന സാമഗ്രികൾ നീക്കം ചെയ്തില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.