 
പരപ്പനങ്ങാടി: പരപ്പനങ്ങാടി ആവിയിൽബീച്ച് കെ.ടി നഗറിലെ ബി. ഷിബുരാജിന്റെ കിഡ്നി മാറ്റിവെക്കൽ ചികിത്സയ്ക്കായി നാട്ടുകാരുടെ ആഭിമുഖ്യത്തിൽ നടത്തിയ കാരുണ്യ വാഹന യാത്രയിലൂടെ സ്വരൂപിച്ച 10,20,000 രൂപ ചികിത്സ കമ്മിറ്റിക്ക് കൈമാറി. ഷിബുരാജിന്റെ രണ്ട് കിഡ്നിയും പ്രവർത്തന രഹിതമാണ്. കിഡ്നി എത്രയും പെട്ടെന്ന് മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഭാര്യയും മകളും ഭാര്യയുടെ മാതാവും അവിവാഹിതയായ മാതാവിന്റെ സഹോദരിയും അടങ്ങുന്നതാണ് കുടുംബം. ഭാര്യ കിഡ്നി നൽകാൻ തയ്യാറാണ്. എന്നാൽ ഭാരിച്ച ചെലവ് വഹിക്കാൻ കുടുംബത്തിന് സാധ്യമല്ലാത്തതിനെ തുടർന്നാണ് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ച് തുക സമാഹരിച്ചത്. തുക പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ.ഉസ്മാൻ ചികിത്സാ കമ്മിറ്റിക്ക് കൈമാറി. ചികിത്സ കമ്മിറ്റി ചെയർമാൻ എ.പി ഇബ്രാഹിം അദ്ധ്യക്ഷനായി. കൗൺസിലർമാരായ പി.പി ഉമ്മുക്കുൽസു, ടി.ആർ റസാഖ്, റാഫി പൊന്നാക്കാരൻ പങ്കെടുത്തു. ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ഫഹദ് ചതുവൻ, രാഹുൽ പുറക്കാട്ട്, സുനിൽകുമാർ പിലാക്കുളം എന്നിവരെ നാട്ടുകാർ ആദരിച്ചു.