
കോട്ടയ്ക്കൽ: കാപ്പ ചുമത്തി നാട് കടത്തിയതിന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാത്തലവൻ തൃശൂർ പന്തല്ലൂര് മച്ചിങ്ങൽ വീട്ടിൽ ഷൈജു (പല്ലൻ ഷൈജു- 43) പൊലീസിന്റെ പിടിയിൽ. വയനാട് സുൽത്താൻ ബത്തേരിയിലെ റിസോർട്ടിൽ ഒഴിവിൽ കഴിയുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ മലപ്പുറം ഡൻസാഫ് സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്. കുഴൽപ്പണവുമായി വന്നയാളെ തട്ടികൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ ഷൈജുവിനും അഞ്ച് കൂട്ടാളികൾക്കുമെതിരെ 2007ൽ കോട്ടയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഷൈജു ഒഴികെയുള്ളവരെ പിടികൂടിയിരുന്നു.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കഞ്ചാവ് കടത്ത്, ആയുധം കൈവശം വയ്ക്കൽ, കുഴൽപ്പണ കവർച്ച, സ്വർണക്കടത്ത് എന്നിവയിൽ പ്രതിയായ ഷൈജുവിനെ കഴിഞ്ഞ മാസം തൃശൂർ റൂറൽ പൊലീസ് ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. ഇതിനു പിന്നാലെ താൻ കടലിലാണ്, നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. അതിർത്തികളിൽ താൻ ഉണ്ടെന്നും പറഞ്ഞ് പൊലീസിനെ വെല്ലുവിളിച്ച് രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ഷൈജു പങ്കുവച്ചിരുന്നു. തൃശൂർ കേന്ദ്രീകരിച്ച് ക്വട്ടേഷനുകൾക്ക് നേതൃത്വമേകിയ ഷൈജു പിന്നീട് കുഴൽപ്പണം കവരുന്നതിലേക്ക് ചുവടുമാറ്റി. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയാണ്. കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ.ഷാജിയുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് മലപ്പുറം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.