
മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ കഷ്ടിച്ച് രണ്ട് മാസം മാത്രം ശേഷിക്കെ വികസന പ്രവർത്തനങ്ങൾക്കുള്ള തുക ചെലവഴിക്കുന്നതിൽ ജില്ല ഏറെ പിന്നിൽ. 2021-22 സാമ്പത്തിക വർഷത്തേക്ക് വകയിരുത്തിയ തുകയിൽ 44.56 ശതമാനമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാനത്ത് പന്ത്രണ്ടാം സ്ഥാനത്താണ് മലപ്പുറം. 719.74 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 320.68 കോടി രൂപയാണ്. ജനറൽ പദ്ധതികൾക്കായി 361.22 കോടി രൂപ വകയിരുത്തിയപ്പോൾ 226.25 കോടിയാണ് ചെലവഴിച്ചത്. 62.63 ശതമാനം. എസ്.സി.പി - 124.39, ടി.എസ്.പി 8.59 കോടി, സി.എഫ്.സി 225.55 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്. ഇതിൽ എസ്.സി പദ്ധതികളുടേതിൽ 51 ശതമാനവും ടി.എസ്.പിയിൽ 40.33 ശതമാനം തുകയുമാണ് ചെലവഴിച്ചത്.
മുന്നിൽ ഇവർ
വികസന തുക ചെലവഴിക്കുന്നതിൽ ഏറെ മുന്നിലെത്തിയ തദ്ദേശ സ്ഥാപനങ്ങളും ജില്ലയിലുണ്ട്. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 75.08 ശതമാനം തുക ചെലവഴിച്ച് ഒന്നാംസ്ഥാനത്തുണ്ട്. 70 ശതമാനത്തിന് മുകളിൽ ഫണ്ട് മൂന്ന് ഗ്രാമപഞ്ചായത്തുകൾ ചെലവഴിച്ചിട്ടുണ്ട്. കണ്ണമംഗലം - 74.75, മമ്പാട് - 74.65 എന്നിങ്ങനെയാണിത്. ഇതിന് പുറമെ 22 തദ്ദേശ സ്ഥാപനങ്ങൾ 60 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിട്ടുണ്ട്. ഇതിൽ 22 ഉം ഗ്രാമപഞ്ചായത്തുകളാണ്. അമരമ്പലം, തവനൂർ, ഏലംകുളം, കാലടി, അരീക്കോട്, കരുവാരക്കുണ്ട്, ആലിപ്പറമ്പ, മംഗലം, എടക്കര, താനാളൂർ, കീഴാറ്റൂർ, മൂത്തേടം, മാറഞ്ചേരി, മൊറയൂർ, വണ്ടൂർ, ചാലിയാർ, തുവ്വൂർ, മേലാറ്റൂർ, എടപ്പാൾ, പെരുവള്ളൂർ, പുൽപ്പറ്റ, ഒതുക്കുങ്ങൽ എന്നിവയാണിത്. മുനിസിപ്പാലിറ്റികളിൽ തിരൂരങ്ങാടി മാത്രമാണ് 60 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിൽ വേങ്ങരയാണ് മുന്നിൽ, 59.85 ശതമാനം തുക ചെലവഴിച്ചു.
പിന്നിൽ ഇവർ
മലപ്പുറം മുനിസിപ്പാലിറ്റിയാണ് ഫണ്ട് ചെലവഴിക്കുന്നതിൽ ഏറ്റവും പിന്നിലുള്ളത്. ആകെ 9.06 ശതമാനം തുക മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. 47.83 കോടിയിൽ ചെലവഴിച്ചത് 4.33 കോടി മാത്രം. പത്ത് ശതമാനത്തിന് താഴെ ഫണ്ട് ചെലവഴിച്ച ഏക തദ്ദേശ സ്ഥാപനവും മലപ്പുറം മുനിസിപ്പാലിറ്റിയാണ്. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് 19.05 ശതമാനം തുകയാണ് ചെലവഴിച്ചിട്ടുള്ളത്. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് - 27.65 ശതമാനം, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് - 32.07, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി -33.08, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് - 34.98, കുഴിമണ്ണ ഗ്രാമപഞ്ചായത്ത്- 35.82, നിലമ്പൂർ മുനിസിപ്പാലിറ്റി 36.08, ചെറുകാവ് ഗ്രാമപഞ്ചായത്ത് - 37.67 ശതമാനം എന്നിങ്ങനെയാണ് ഫണ്ട് ചെലവഴിക്കുന്നതിൽ ഏറെ പിന്നിലുള്ളവർ.
ജില്ലാ പഞ്ചായത്തും പിന്നിൽ
വികസന ഫണ്ട് ചെലവഴിക്കുന്നതിൽ ജില്ലാ പഞ്ചായത്തും ഏറെ പിന്നിലാണ്. 88.56 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 20.84 കോടിയാണ്. സ്പിൽ ഓവർ പദ്ധതികളുടേതടക്കം 30.25 ശതമാനം തുക മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്.