accident
അപകടം

അപകടം നടന്നത് കഴിഞ്ഞ മാസം 24ന്

കോട്ടക്കൽ: സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ വയോധികനെ ഇടിച്ചിട്ട് വാഹനം നിറുത്താതെ കടന്നു കളഞ്ഞ ബൈക്ക് യാത്രികനെ ഒടുവിൽ കണ്ടെത്തി. കഴിഞ്ഞ മാസം 24നാണ് കേസിനാസ്പദമായ സംഭവം. കോട്ടക്കൽ ടൗണിനും ചങ്കുവെട്ടിക്കുമിടയിൽ സീനത്ത് സിൽക്സിന് സമീപം ചങ്കുവെട്ടി എടക്കണ്ടൻ കുഞ്ഞുമൊയ്തീനെയാണ് (71) ബൈക്ക് ഇടിച്ചത്. നിറുത്താതെ പോയ ബൈക്ക് യാത്രക്കാരനെ 30 ഓളം നിരീക്ഷണ കാമറകളുടെ സഹായത്താലാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് കേരളകൗമുദിയും വാർത്ത നൽകിയിരുന്നു. അപകടത്തിൽ പരിക്കേറ്റ കുഞ്ഞിമൊയ്തീന്റെ ഇടതുകാൽ മുട്ടിനു താഴെ വെച്ച് മുറിച്ചുമാറ്റിയിരുന്നു. കോട്ടക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. ഷാജിയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ വിവേക് കുമറാണ് കേസ് അന്വേഷണം നടത്തിയത്. സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, രതീഷ്, വിശ്വനാഥൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ബൈക്കോടിച്ചത് പതിനേഴുകാരൻ

അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ചത് 17 വയസ്സുകാരൻ. തിരൂർ കോട്ട് സ്വദേശി മൈലാടിമ്മൽ സുരേന്ദ്രന്റെ പേരിലാണ് ഈ ഇരുചക്രവാഹനം. എന്നാൽ ഈ വാഹനം ഉപയോഗിച്ചിരുന്നത് ഇയാളുടെ മകനാണ്. എന്നാൽ ഇയാളുടെ സുഹൃത്തും കോട്ടക്കൽ പുതുപ്പറമ്പ് സ്വദേശിയുമായ 17 വയസ്സുകാരനാണ് സംഭവ ദിവസം ഈ വാഹനം ഉപയോഗിച്ചിരിക്കുന്നത്. കോട്ടക്കലിൽ നിന്നും പുതുപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് ഇയാൾ അപകടം വരുത്തിയത്. പിന്നീട് ഈ വാഹനം പുറത്തിറക്കാതെ ഒളിപ്പിക്കുകയായിരുന്നു. സുഹൃത്തിനോട് ബൈക്ക് ചെറിയ കേടുപാടുകൾ ഉണ്ടെന്നും വർക്ക്‌ഷോപ്പിലാണെന്നും പറഞ്ഞു. ഇതിനിടയിൽ നിരീക്ഷണ കാമറയിൽ പതിഞ്ഞ അപകടദ്യശ്യത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പുതിയ മോഡൽ ബൈക്കാണ് അപകടം വരുത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്നും മനസിലായതിനാൽ 25 ലധികം വാഹന ഉടമകളെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 17 കാരനെ അറസ്റ്റു ചെയ്തത്. ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.