bus

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിന്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ എൻഫോഴ്സ്‌മെന്റ് എം.വി.ഐ പി.കെ മുഹമ്മദ് ഷെഫീഖ്, എ.എം.വി.ഐ സലീഷ് മേലേപ്പാട്ട് എന്നിവർ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. മൊബൈൽ ആപ്പിൽ ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് വെന്നിയൂരിൽ വച്ച് ബസ് പിടികൂടുകയായിരുന്നു.
യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ്കുവെട്ടിയിൽ യാത്ര അവസാനിപ്പിച്ചു. യാത്രക്കാരുടെ സഹകരണത്തോടെ ബസ് കസ്റ്റഡിയിലെടുക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ തന്നെ മറ്റ് ബസുകളിൽ യാത്രക്കാർക്ക് തുടർയാത്രക്കുള്ള സൗകര്യമൊരുക്കി. തുടർനടപടികൾക്കായി കേസ് മലപ്പുറം ആർ.ടി.ഒ.ക്ക് കൈമാറുമെന്ന് എം.വി.ഐ പി.കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.