
മലപ്പുറം: യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ലോകായുക്തയുടെ അധികാരം തിരിച്ചുനൽകുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞ്
വെറും ഉപദേശക സമിതിയാക്കി സർക്കാർ മാറ്റി. ലോകായുക്തയ്ക്കായി സമരം ചെയ്ത പിണറായി വിജയനും സി.പി.എമ്മും ലോകായുക്തയുടെ പ്രസക്തി തന്നെ ഇല്ലാതാക്കി. ഓർഡിനൻസ് ഒപ്പിടാൻ നാട്ടുകാർക്കുണ്ടായ സംശയം പോലും ഉണ്ടാവാതിരുന്ന ഗവർണറോട് സഹതപിക്കാനേ കഴിയൂ. അഴിമതിക്കെതിരെയും സുതാര്യത ഉറപ്പുവരുത്താനും വലിയ സമരങ്ങളിലൂടെ നേടിയെടുത്ത നിയമമാണ് ഇടത് സർക്കാർ ഇല്ലാതാക്കിയത്. അഭിമാനകരമായ എന്തോ നേട്ടം ഉണ്ടാക്കിയ പോലെയാണ് സി.പി.എം ഇതിനെ കാണുന്നത്. ഇടത് മുന്നണിയിലെ ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. സി.പി.ഐയുടെ എതിർപ്പ് ആത്മാർത്ഥയുള്ളതാണെങ്കിൽ നിയമസഭയിൽ പ്രകടിപ്പിക്കണം. പ്രതിപക്ഷം നിയമസഭയിൽ ശക്തമായി പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.