home

മലപ്പുറം: കവളപ്പാറ ദുരന്തത്തിന്റെ ഇരകളായ 32 ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള അവസാന ഗഡു അനുവദിക്കുന്നതിൽ തീരുമാനമെടുക്കാതെ സർക്കാർ. മൂന്ന് മാസം മുമ്പ് ഐ.ടി.ഡി.പി അധികൃതർ പട്ടിക വർഗ്ഗ വികസന വകുപ്പിന് സമർപ്പിച്ച ഫയൽ ഇപ്പോഴും ഫിനാൻസ് വകുപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ആദിവാസി കുടുംബങ്ങൾ.

സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി 580 സ്ക്വയർ ഫീറ്റുള്ള 32 വീടുകളുടെ പണി തുടങ്ങിയിട്ട് ഒരുവ‌ർഷമായി. നിർമ്മാണ ചെലവായ ആറ് ലക്ഷം രൂപയിൽ നാല് ലക്ഷം രൂപ ദുരന്ത നിവാരണ വകുപ്പും രണ്ടുലക്ഷം എസ്.ടി വകുപ്പുമാണ് നൽകുന്നത്. ഇതിൽ എസ്.ടി വകുപ്പ് നൽകേണ്ട തുകയാണ് ലഭിക്കാത്തത്. ലഭിച്ച നാല് ലക്ഷത്തിന് മെയിൻ സ്ലാബ് വാർപ്പ് വരെ പൂ‌ർത്തിയാക്കി. ചുമർ തേപ്പ്,​ ടൈൽ പതിക്കൽ, പെയിന്റിംഗ് എന്നിവയ്ക്ക് വേണ്ട രണ്ട് ലക്ഷം രൂപ മാസങ്ങളായിട്ടും ലഭിച്ചിട്ടില്ല.

ദുരിതാശ്വാസ ക്യാമ്പിൽ

2019 ആഗസ്റ്റ് എട്ടിനാണ് കവളപ്പാറയിലെ മുത്തപ്പൻകുന്ന് ഇടിഞ്ഞ് 59 ജീവനുകൾ പൊലിഞ്ഞത്. പ്രദേശത്തെ 32 ആദിവാസി കുടുംബങ്ങളെ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രവേശിപ്പിച്ചു. ജനറൽ,​ എസ്.സി വിഭാഗങ്ങളിലെ ദുരന്തബാധിതർ ബന്ധു വീടുകളിലും മറ്റും അഭയം തേടി. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ക്യാമ്പിലെ ജീവിതവും കൊവിഡ് പേടിയും മൂലം 16 ആദിവാസി കുടുംബങ്ങൾ പല സമയങ്ങളിലായി ക്യാമ്പ് വിട്ടു. വലിയ ഹാളിൽ ഒരുമിച്ചാണ് കഴിയുന്നതെന്നതിനാൽ സ്വകാര്യതയില്ല. ആകെയുള്ളത് രണ്ട് ടോയ്‌ലറ്റും. വാടകയ്ക്ക് വീടെടുക്കാൻ ശേഷിയില്ലാത്ത 16 കുടുംബങ്ങളിലെ 56 പേരാണ് ദുരിതംപേറി ക്യാമ്പിൽ തുടരുന്നത്.

87 ജനറൽ,​ 32 എസ്.ടി,​ 8 എസ്.സി അടക്കം 127 കുടുംബങ്ങളാണ് സർക്കാരിന്റെ പുനരധിവാസ പദ്ധതിയിലുൾപ്പെട്ടിരുന്നത്. ജനറൽ,​ എസ്.സി വിഭാഗങ്ങൾക്ക് സ്ഥലവും വീടും നിർമ്മിക്കാൻ സർക്കാർ ഫണ്ടിനൊപ്പം സുമനസ്സുകളുടെ സഹായം കൂടിയായതോടെ എല്ലാവ‌ർക്കും വീടായി. ആദിവാസി കുടുംബങ്ങളെ ആറ് മാസത്തിനകം പുനരധിവസിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

എസ്.ടി വകുപ്പ് നൽകേണ്ട രണ്ട് ലക്ഷം രൂപ ഇതുവരെ ലഭിച്ചിട്ടില്ല. അധികൃതരോട് അന്വേഷിക്കുമ്പോഴും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

- ദിലീപ്,​ പോത്തുകല്ല് ഗ്രാമപഞ്ചായത്തംഗം

ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതു സംബന്ധിച്ച ഫയൽ ഫിനാൻസ് വകുപ്പിന്റെ പരിഗണനയിലാണ്.

- നിലമ്പൂർ ഐ.ടി.ഡി.പി അധികൃതർ