rules

മലപ്പുറം: പുതുവർഷത്തിലും റോഡ് നിയമ ലംഘനങ്ങളുടെ കാര്യത്തിൽ ഒട്ടും കുറവില്ല. മാസം ഒന്ന് കഴിഞ്ഞപ്പോഴേക്കും മോട്ടോർ വാഹനവകുപ്പ് പിഴയിട്ട നിയമലംഘന കേസുകളുടെ എണ്ണം മൂവായിരത്തിനോടടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെങ്കിലും നിയമലംഘകരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ വർഷം 5,39,97,324 രൂപയായിരുന്നു മോട്ടോർ വാഹനവകുപ്പ് ജില്ലയിൽ മൊത്തം പിഴ ചുമത്തിയത്. ലോക്ക് ഡൗണടക്കം ഉണ്ടായിരുന്നു. എന്നിട്ടും വലിയ തുക പിഴയായി വന്നിട്ടുണ്ട്.

ഹെൽമറ്റ് ധരിക്കാത്തതിനും ഇൻഷ്വറൻസില്ലാതെ വാഹനമോടിച്ചതിനുമാണ് ജനുവരിയിൽ പ്രധാനമായും പിഴയീടാക്കിയിട്ടുള്ളത് . ഇരുചക്രവാഹനങ്ങൾക്ക് പിറകിലിരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തവരുടെ എണ്ണവും കൂടുതലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാമറകളും മറ്റും സ്ഥാപിച്ചു വരുന്നുണ്ട്. കേടായ കാമറകൾ നന്നാക്കുന്ന പ്രവൃത്തികളും നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം ജോലികൾ കൂടി പൂർത്തിയായാൽ കൂടുതൽ നിയമലംഘകരെ പിടികൂടാനാവും.

സംസ്ഥാന പാതകളുടെ നവീകരണം പൂർത്തിയാവുന്നതോടെ റോഡുകളുടെ വീതി കൂടുകയും തിരക്ക് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. എങ്കിലും അമിതവേഗതയിൽ വാഹനം ഓടിക്കുന്നവരുടെ എണ്ണവും കൂടും. ഇതിനായി എ.ഐ കാമറകളും മറ്റും സ്ഥാപിക്കാനുള്ള പദ്ധതികളുമുണ്ട്.

കൂടുതലും ഹെൽമറ്റ് ധരിക്കാത്തവർ

ഹെൽമറ്റ് ധരിക്കാത്തതിൽ തുടങ്ങി വാഹനങ്ങളുടെ ഹോണിൽ വരുത്തുന്ന മാറ്റങ്ങളടക്കം നിയമലംഘനങ്ങളുടെ പരിധിയിൽ വരുന്നതാണ്. മൊത്തം 25 വാഹന നിയമ ലംഘനങ്ങളിലാണ് പിഴ ചുമത്തിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാത്തതിനാണ് ഇത്തവണയും ഏറ്റവും കൂടുതൽ കേസുകളുള്ളത്. വാഹനങ്ങളുടെ ഹോണുകളിൽ വരുത്തിയ മാറ്റങ്ങൾക്കാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണവും കുറവല്ല. പതിനെട്ട് വയസ് തികയാത്തവരെയാണ് ലൈസൻസില്ലാത്തതിന് അധികവും കേസിൽപെട്ടിട്ടുള്ളത്. ലൈസൻസില്ലാതെ വാഹനമോടിക്കുന്ന മുതിർന്ന ആളുകളും ഒരുപാടുണ്ട്. ജനുവരിയിൽ ആരംഭിച്ച വാരാന്ത്യ ലോക്ഡൗൺ ദിവസങ്ങളിലടക്കം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന ശക്തമാക്കും.

ആകെ രജിസ്റ്റർ ചെയ്ത കേസുകൾ - 2,998

ഒടുക്കേണ്ട പിഴ - 52,20,718 രൂപ

രജിസ്റ്റർ ചെയ്ത പ്രധാന കേസുകൾ (ജനുവരി)

ഹെൽമറ്റ് ധരിക്കാത്തതിന് -1,371

ഇൻഷ്വറൻസില്ലാത്തതിന് - 365

ലൈസൻസില്ലാത്തിന് - 158

ലൈസൻസില്ലാത്തവർക്ക് വാഹനം കൊടുത്തതിന് -122

സീറ്റ് ബെൽറ്റ് ധരിക്കാത്തിന് - 92