
മലപ്പുറം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ ഒമ്പത് സ്‌കൂളുകൾ കൂടി ഹൈടെക് ആകുന്നു. അഞ്ച് കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി, മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച ജി.എച്ച്.എസ്.എസ് പൂക്കോട്ടുംപാടം, ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര ടൗൺ, ജി.എച്ച്.എസ് ചാലിയപ്പുറം, ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്ത് എന്നിവയും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ജി.ബി.എച്ച്.എസ്.എസ് മലപ്പുറം, ജി.എൽ.പി.എസ് പുക്കൂത്ത്, ജി.എൽ.പി.എസ് കാരാട്, ജി.എൽ.പി.എസ് തുറക്കൽ എന്നീ സ്‌കൂളുകളുടെ നവീകരിച്ച കെട്ടിടമാണ് നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.
പുതിയ കെട്ടിടങ്ങൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ച സ്‌കൂളുകളുടെ എണ്ണം 14ഉം മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ചവയുടെ എണ്ണം 25 ഉം പ്ലാൻ ഫണ്ടിൽ നിർമ്മിച്ച സ്‌കൂളുകളുടെ എണ്ണം 37ഉം ആവുമെന്ന് വിദ്യാകിരണം ജില്ലാ കോ-ഓഡിനേറ്റർ എം. മണി പറഞ്ഞു.
അഞ്ച് കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന ജി.ജി.എച്ച്.എസ്.എസ് മലപ്പുറം, ജി.എച്ച്.എസ്.എസ് പെരുവള്ളൂർ, മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ് എടവണ്ണ, ജി.എച്ച്.എസ്.എസ് എടക്കര, ജി.എച്ച്.എസ്.എസ് മൂത്തേടം, ജി.എച്ച്.എസ്.എസ് കാരക്കുന്ന്, ജി.എച്ച്.എസ്.എസ് കൊട്ടപ്പുറം എന്നിവയും ഉടൻ പൂർത്തിയാകുംം. മൂന്ന് കോടി രൂപ ചെലവഴിച്ച് 51 സ്‌കൂളുകളിലും ഒരുകോടി രൂപ ചെലവിൽ 55 സ്‌കൂളുകളുകളിലും കെട്ടിടങ്ങൾ നിർമ്മിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.