covid

മലപ്പുറം: രണ്ടാം ഡോസെടുക്കാൻ സമയമായിട്ടും കൊവിഡ് വാക്‌സിൻ സ്വീകരിക്കാതെ ജില്ലയിൽ 5,51,783 പേർ. 1,01,240 പേർ ആദ്യ ഡോസ് പോലും എടുത്തിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈവരിച്ച നേട്ടമിത് ഇല്ലാതാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകളുടെ എണ്ണത്തേക്കാൾ കൂടുതൽ കേസുകൾ മൂന്നാം തരംഗത്തിൽ ഉണ്ടായെങ്കിലും വാക്‌സിനേഷനാണ് രോഗം ഗുരുതരമാകുന്നവരുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം കുറച്ചത്. ജില്ലയിൽ ഒന്നാം ഡോസ് വാക്സിൻ എടുത്തവർ 34,02,328 പേരും രണ്ട് ഡോസും പൂർത്തിയാക്കിയവർ 27,69,485 പേരുമാണ്.

കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷവും കൊവിഡ് രോഗം വന്ന് മരണപ്പെട്ടവർ 101 പേരാണ്. ഇത് വാക്സിൻ സ്വീകരിക്കാതെ കൊവിഡ് രോഗം വന്ന് മരണപ്പെട്ടവരുടെ രണ്ട് ശതമാനം മാത്രമാണ്. കൊവിഡ് രോഗം വന്ന് ആകെ മരിച്ചവരിൽ 98 ശതമാനം പേരും വാക്സിൻ സ്വീകരിക്കാത്തവരായിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നത് കൊവിഡ് രോഗം വരുന്നതിനെ പ്രതിരോധിക്കുകയും രോഗം വന്നാൽ ഗുരുതരമാകാതെ തടയുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

മൂന്ന് ദിവസമായി കുറയാതെ നിൽക്കുന്ന പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസ നിരക്ക് ഒരു മിനിറ്റിൽ 24ൽ കൂടുതൽ, ഓക്സിജന്റെ അളവ് ഒരു മണിക്കൂറിൽ എടുത്ത മൂന്ന് റീഡിംഗുകളിൽ 94ൽ താഴെ, കടുത്ത ക്ഷീണം, കടുത്ത പേശീ വേദന, എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ, നെഞ്ചിൽ നീണ്ടുനിൽക്കുന്ന വേദന അല്ലെങ്കിൽ മർദ്ദം, ചുണ്ടിലോ മുഖത്തോ നീല നിറം കാണുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെയോ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ബ്ലോക്ക് തല കൊവിഡ് കൺട്രോൾ സെല്ലിലോ ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരിലും രോഗം ഗുരുതരമായവരിലും കൂടുതൽ പേരും വാക്സിൻ എടുക്കാത്തവരായിരുന്നു എന്നത് കൊവിഡ് പ്രതിരോധത്തിൽ വാക്സിനേഷന്റെ പങ്ക് എത്ര മാത്രമാണ് എന്നതിന്റെ തെളിവാണ്. ജില്ലയിൽ പ്രതിദിന കേസുകളുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞുവെങ്കിലും ജാഗ്രത കൈവിടരുത്.

- ഡോ.ആർ.രേണുക,​ ഡി.എം.ഒ ‌