 
പരപ്പനങ്ങാടി: നാടുകാണി പാതയിൽ പയനിങ്ങൽ ജംഗ്ഷനിൽ സീബ്രാലൈൻ ഇല്ലാത്തത് മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി. ജംഗ്ഷനിൽ താനൂർ റോഡിൽ സീബ്രാലൈൻ വന്നതോടെ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് എളുപ്പമായി. നാടുകാണി പാതയുടെ നിർമാണം പൂർത്തിയായിട്ടും ജംഗ്ഷനിൽ സീബ്രാലൈൻ ഇല്ലാത്തതിനാൽ റോഡ് മുറിച്ചുകടക്കുന്നതിനുള്ള പ്രയാസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ജംഗ്ഷനിലെ നേരത്തെയുണ്ടായിരുന്ന സർക്കിൾ ചെറുതാക്കി റോഡ് ഗതാഗതത്തിനു കൂടുതൽ സൗകര്യമൊരുക്കിയതോടെ അപകട സാധ്യത കുറഞ്ഞിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വാർത്ത നൽകിയതിനെ തുടർന്നു മുനിസിപ്പാലിറ്റി അധികൃതർ മുൻകൈ എടുത്താണ് സർക്കിൾ ചെറുതാക്കി റോഡ് സൗകര്യം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചത് .