m-gangadaran
ഡോ.എം.ഗംഗാധരൻ

പരപ്പനങ്ങാടി: പ്രമുഖ ചരിത്രകാരനും കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവുമായ ഡോ.എം.ഗംഗാധരൻ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വസതിയായ കൈലാസത്തിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു മരണം. മലപ്പുറം പരപ്പനങ്ങാടിയിലെ നെടുവയിൽ ഡോ.പി.കെ.നാരായണൻ നായരുടെയും മുറ്റായിൽ പാറുകുട്ടിയമ്മയുടെയും മകനായി 1933ലാണ് ജനനം. പരപ്പനങ്ങാടിയിലും കോഴിക്കോടുമായി സ്‌കൂൾ വിദ്യാഭ്യാസം.1954ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാന്തര ബിരുദം കരസ്ഥമാക്കി. തുടർന്ന് ചെന്നൈയിൽ പോസ്റ്റൽ ഓഡിറ്റ് വകുപ്പിൽ ജോലി ചെയ്തു. ഇക്കാലയളവിൽ മലയാള സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതി. പിന്നീട് വിവിധ കോളേജുകളിൽ ചരിത്രാദ്ധ്യാപകനായി.

1970ൽ തവനൂർ റൂറൽ ഇൻസ്റ്റിറ്റിയൂട്ടിൽ ചരിത്രാദ്ധ്യാപകനായി തുടക്കം. 1976ൽ കോഴിക്കോട് ഗവ. കോളേജിൽ ചരിത്രവിഭാഗം പ്രൊഫസറായി. 1988ൽ ഇവിടെ നിന്ന് വിരമിച്ചു. തുടർന്ന് എം.ജി യൂണിവേഴ്സിറ്റിയുടെ സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ വിസിറ്റിംഗ് പ്രൊഫസറും റിസേർച്ച് കോ-ഓഡിനേറ്ററുമായി. അമേരിക്ക, ജപ്പാൻ, ഖത്തർ എന്നിവിടങ്ങളിലെ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് കോളർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1986ൽ മലബാർ കലാപത്തെ കുറിച്ചുള്ള ഗവേഷണത്തിന് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ചെട്ടിപ്പടി പട്ടാറമ്പിൽ യമുനാദേവിയാണ് ഭാര്യ. മക്കൾ: നാരായണൻ എന്ന ഉണ്ണി,​ നളിനി (ബാംഗ്ലൂർ)​. മരുമക്കൾ: അനിത,​ കരുണാകരൻ. ചരിത്രകാരൻ എം.ജി.എസ് മേനോൻ സഹോദരി പുത്രനാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വസതിയിൽ നടക്കും.