
കോർട്ട് റോഡിൽ ഒഴിഞ്ഞു കിടക്കുന്ന ,നെടുവ വല്ലേജ് ഓഫിസനോട് ചേർന്നുള്ള പൊതുമരാമത്തു വകുപ്പ് വക കെട്ടിടം
പരപ്പനങ്ങാടി: സർക്കാർ വക രണ്ടു കെട്ടിടങ്ങൾ പരപ്പനങ്ങാടി കോർട്ട് റോഡിൽ ഒഴിഞ്ഞു കിടപ്പാണെങ്കിലും സബ് രജിസ്ട്രാർ ഓഫീസ് പ്രവൃത്തിക്കുന്നത് ഇപ്പോഴും വാടക കെട്ടിടത്തിൽ, അതും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ. പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലാണ് ഈ രണ്ടു കെട്ടിടങ്ങളും നിലവിൽ ഒഴിഞ്ഞു കിടക്കുന്നത്
പുതുതായി നിർമിച്ച നാല് നിലകളുള്ള നഹാസ് കോംപ്ലക്സിൽ ഇനിയും ഓഫീസ് സൗകര്യങ്ങൾ ഒഴിവുണ്ട്. ഈ കെട്ടിടത്തിൽ പൊതുമരാമത്തു വകുപ്പ് നിരത്ത്, കെട്ടിട വിഭാഗം എൻജിനിയർമാരുടെ ഓഫിസ്, എക്‌സൈസ് റേഞ്ച് ഓഫീസ് ,വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ്,ഭക്ഷ്യ സുരക്ഷാ ഓഫീസ് തുടങ്ങി ഏതാനും ചില ഓഫീസുകൾ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. പൊതുമരാമത്തു വകുപ്പ് കെട്ടിട, നിരത്തു വിഭാഗം എൻജിനിയർമാരുടെ ഓഫിസ് നേരത്തെ ഉണ്ടായിരുന്ന സ്വന്തം സ്ഥലത്തുനിന്ന് പൊതുമരാമത്തു വകുപ്പ് ഉടമസ്ഥതയിലുള്ളത് തന്നെയായ പുതിയ കോംപ്ലക്സിലേക്കു മാറ്റിയതോടെ പഴയ കെട്ടിടം ഒഴിഞ്ഞു കിടപ്പാണ്. നെടുവ വില്ലേജ് ഓഫീസിനോട് ചേർന്നുള്ള ഈ കെട്ടിടം നില്കുന്നത് ഏകദേശം 30 സെന്റ് വരുന്ന സർക്കാർ സ്ഥലത്തും.
പുതിയ കെട്ടിട നിർമ്മാണം എങ്ങുമെത്തിയില്ല
പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസിനുള്ള പുതിയ കെട്ടിട നിർമ്മാണം മന്ത്രി തറക്കല്ലിട്ടതല്ലാതെ ഒരു കല്ല് പോലും അതിന്മേൽ വന്നിട്ടില്ല. ഇപ്പോൾ താത്കാലിക കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിന് മാസവാടക ഇപ്പോൾ തന്നെ പന്ത്രണ്ടായിരത്തിനു മേലെയാണ്. വാടക വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെട്ടിട ഉടമസ്ഥൻ അപേക്ഷ സമർപ്പിച്ചിട്ടുമുണ്ട്. ഇത് സർക്കാർ പരിഗണനയിലാണ് .നിന്ന് തിരിയാൻ ഇടമില്ലാതെ ആളുകളും ഉദ്യോഗസ്ഥരും പ്രയാസപ്പെടുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന സർക്കാർ കെട്ടിടം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനത്തിന് വിട്ടുകൊടുത്താൽ വാടക കൊടുക്കുകയും വേണ്ട ആളുകൾക്ക് ഇഷ്ടംപോലെ സൗകര്യവുമാകും എന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ വിട്ടുകൊടുക്കാൻ കഴിയില്ല
എന്നാൽ കിഫ്ബി ഉൾപ്പെടെയുള്ള പൊതുമരാമത്തു വകുപ്പ് അനുബന്ധ ഓഫീസുകൾ ജില്ലയിൽ വേറെ വരാനുണ്ടെെന്ന് ഉന്നത അധികൃതർ പറഞ്ഞു. ഇവക്കെല്ലാം കൂടി സ്ഥല സൗകര്യങ്ങൾ ഇനിയും വേണ്ടതുണ്ടെന്നും അതിനാൽ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ മറ്റു വകുപ്പുകൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.