 
കോട്ടക്കൽ: ആതുര സേവന രംഗത്ത് വേറിട്ട അദ്ധ്യായം രചിക്കാനൊരുങ്ങുകയാണ് കാടാമ്പുഴ ഭഗവതി ദേവസ്വം. ആധുനിക സൗകര്യങ്ങളോടുകൂടിയ ധർമ്മാശുപത്രിയും വൃക്കരോഗികൾക്കായി സൗജന്യ ഡയാലിസിസ് കേന്ദ്രവുമാണ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. അഞ്ച് കോടി രൂപ ചെലവിൽ വൃക്കയുടെ മാതൃകയിൽ നിർമ്മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടൽ കഴിഞ്ഞ മാസം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവ്വഹിച്ചിരുന്നു. ആശുപത്രിക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമായി ഏകദേശം 25 കോടിയോളം രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവസ്വത്തിന്റെ കീഴിൽ ധർമ്മാശുപത്രി വർഷങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം വിപുലപ്പെടുത്തിയാണ് ഡയാലിസിസ് കേന്ദ്രവും ആധുനിക ഡിസ്പൻസറിയും നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിൽ വൃക്കരോഗികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് ഡയാലിസിസ് കേന്ദ്രം ആരംഭിക്കാൻ പ്രധാനകാരണം. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കാടാമ്പുഴ ക്ഷേത്ര ദേവസ്വത്തിന് കീഴിൽ പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് ഇപ്പോൾ നിർമ്മിക്കുന്നത്. പൂർണ്ണമായും ശീതികരിച്ച കെട്ടിടത്തിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്തർദേശീയ നിലവാരത്തിലുള്ള ആധുനിക ആശുപത്രിയാണ് നിർമ്മിക്കുന്നത്. കൂടാതെ 25 ഡയാലിസിസ് യന്ത്രം ഉൾക്കൊള്ളുന്ന യൂണിറ്റ്, മിനി ഐ.സി.യു, ചാരിറ്റബിൾ ഡിസ്പൻസറി, ലബോറട്ടറി, സ്‌കാനിംഗ് സെന്റർ എന്നിവയുമുണ്ടായിരിക്കും. മറ്റ് സമീപ പ്രദേശങ്ങളിലെ ആശുപത്രികളുമായി സഹകരിച്ച് നൂതന ചികിത്സാ പദ്ധതികളും വിദഗ്ദ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. പുതിയ കെട്ടിടം യാഥാർത്ഥ്യമായാൽ നിലവിലെ ഡിസ്‌പെൻസറി ഇതിലേക്ക് മാറ്റും. രണ്ടാം ഘട്ടമായി നെഫ്രോളജി വിഭാഗത്തിന് പ്രാധാന്യം നൽകി അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രിയും ഗവേഷണ കേന്ദ്രവുമാക്കി ഇതിനെ ഉയർത്താനാണ് പദ്ധതി.