
പെരിന്തൽമണ്ണ: കൊളത്തൂർ വെങ്ങാട് മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. നിർമാണ സ്ഥലത്തെ കോൺക്രീറ്റ് ഭിത്തി കെട്ടുന്നതിനിടയിൽ ഇന്നലെ 10.45 ഓടെയായിരുന്നു അപകടം. അഞ്ച് പേരെയും നിസാര പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാർഖണ്ഡ് സ്വദേശികളായ കാർത്തിക് മാത്തോ, ഇന്ദ്രജിത്ത് മാത്തോ, സരോജ് ഷാ, ഉമേഷ് ഷാ, ഉപേന്ദർ ഷാ എന്നിവർക്കാണ് പരിക്കേറ്റത്.
മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഭിത്തി നിർമാണത്തെ തുടർന്ന് കോൺക്രീറ്റ് ചെയ്യാനുള്ള കമ്പികൾ കെട്ടുന്നതിനിടയിൽ പുഴ ഭാഗത്തെ മണ്ണിടിയുകയായിരുന്നു. പത്തോളം തൊഴിലാളികളാണ് അപകട സ്ഥലത്തുണ്ടായിരുന്നത്. മറ്റു തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപെട്ട അഞ്ച് പേരെയും ആശുപത്രിയിൽ എത്തിച്ചത്. നിസാര പരിക്കുകളായതിനാൽ പ്രാഥമിക ചികിത്സകൾ നൽകി വിട്ടയച്ചു. മഴയെ തുടർന്ന് നിറുത്തിവച്ചിരുന്ന നിർമാണ പ്രവൃത്തികൾ കഴിഞ്ഞ മാസമായിരുന്നു പുനരാരംഭിച്ചത്. പെരിന്തൽമണ്ണ, മലപ്പുറം അഗ്നിരക്ഷാ സേനാംഗങ്ങൾ, സിവിൽ ഡിഫൻസ്, കൊളത്തൂർ പൊലീസ് എന്നിവരും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു.