
മലപ്പുറം: എൽ.പി സ്കൂൾ അദ്ധ്യാപക തസ്തികയിലേക്ക് 516/2019 കാറ്റഗറിയിൽ പി.എസ്.സി പരീക്ഷ നടത്തി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് വിപുലീകരിക്കരുതെന്നാവശ്യമുന്നയിച്ച് ഉദ്യോഗാർത്ഥികൾ മലപ്പുറത്ത് വാർത്താസമ്മേളനം നടത്തി. നിലവിലെ ഷോർട്ട് ലിസ്റ്റിലെ മെയിൻ ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് വാർത്താ സമ്മേളനം നടത്തിയത്. 387/2014ലെ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ നിലനിൽക്കെയാണ് ഉദ്യോഗാർത്ഥികൾ ആവശ്യമുന്നയിച്ചത്. നിലവിലെ റാങ്ക് ലിസ്റ്റ് വിപുലീകരിച്ചാൽ പഴയ ലിസ്റ്റ് വിപുലീകരിക്കുന്ന പ്രവണതയുണ്ടാവുമെന്നും ജില്ലയിലെ അഭിമുഖം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥക്ക് പരിഹാരം കാണണമെന്നും ഇവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം.പി നിസ, കെ.എൻ ഉമാദേവി, എസ്.ജെ സിദ്ധാർത്ഥ്, ഷബ്ല എന്നിവർ പങ്കെടുത്തു