pravasi

യു.എ.ഇയിലേക്കുള്ള കൊവിഡ് പരിശോധന നിബന്ധനകൾ സങ്കീർണമാവുമ്പോൾ ദുരിതം പേറുകയാണ് പ്രവാസികൾ. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കെല്ലാം ആർ.ടി.പി.സി.ആർ പരിശോധന ഫലം മതിയെങ്കിൽ യു.എ.ഇയിലേക്ക് ആറ് മണിക്കൂർ മുമ്പ് എടുത്ത റാപിഡ് പി.സി.ആർ ഫലം വേണമെന്ന നിബന്ധനയാണ് പ്രവാസികൾക്ക് കുരുക്കാവുന്നത്. ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ച ശേഷമാണ് പ്രവാസികൾ ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് എടുക്കാറുള്ളത്. ഇങ്ങനെ ടിക്കറ്റ് എടുത്തവർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പി.സി.ആർ ടെസ്റ്റിൽ പൊസിറ്റീവ് എന്ന റിസൽട്ടാണ് ലഭിക്കുന്നത്. ആറ് മണിക്കൂർ മുമ്പ് എടുത്ത റിസൽട്ട് വേണമെന്ന നിബന്ധയുള്ളതിനാൽ വിമാനത്താവളങ്ങളിൽ എത്തിയ ശേഷമേ പരിശോധന നടത്താനാവൂ. കേരളത്തിലെ വിമാനത്താവളങ്ങളിൽ യു.എ.ഇ യാത്രക്കാർക്കായി റാപിഡ് പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുമ്പാണ് ഫലം ലഭിക്കുക എന്നതിനാൽ പോസിറ്റീവ് ആയാൽ വിമാന ടിക്കറ്റ് തുക തിരിച്ചുകിട്ടാത്ത അവസ്ഥയാണ്. ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചാൽ ശരീരത്തിൽ വൈറസ് സാന്നിദ്ധ്യമില്ല എന്നതല്ലെന്നും പകരം നിശ്ചിത പരിധിയിൽ താഴെയാണ് എന്നാണ് അർത്ഥമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. അതേസമയം റാപിഡ് പി.സി.ആർ ടെസ്റ്റിൽ ശരീരത്തിൽ ശരീരത്തിൽ വളരെ നേരിയ അളവിൽ വൈറസിന്റെ സാന്നിദ്ധ്യമുണ്ടായാലും കണ്ടുപിടിക്കാനാവും. ഇതാണ് മിക്ക യാത്രക്കാർക്കും വിനയാകുന്നത്.

മറ്റെല്ലാ ഗൾഫ് രാജ്യങ്ങളും യാത്ര പുറപ്പെടുന്നതിന് 72 മുതൽ 42 മണിക്കൂർ വരെ മുമ്പ് നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കിയാൽ മതി. യു.എ.ഇയിലേക്ക് റാപിഡ് പി.സി.ആർ തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കാൻ ഇടപെടണമെന്ന പ്രവാസികളുടെ നിരന്തര മുറവിളി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കേട്ടില്ലെന്ന് നടിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് റാപിഡ് പി.സി.ആർ നിബന്ധന യു.എ.ഇ ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ കൊവിഡ് വ്യാപനം മുൻനിറുത്തിയാണ് യു.എ.ഇയുടെ ഈ തീരുമാനം.

സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗൾഫ് പ്രവാസികളുള്ളത് യു.എ.ഇയിലാണ്. പല ഗൾഫ് രാജ്യങ്ങളിലേക്കും വിമാന സർവീസ് യഥാവിധി തുടങ്ങാത്തതിനാൽ ദുബൈ വഴി യാത്ര ചെയ്യുന്നവരും ഏറെയാണ്. ഇവരെയും റാപിഡ് പി.സി.ആർ നിബന്ധന കുടുക്കിലാക്കുന്നുണ്ട്. റാപിഡ് പി.സി.ആറിന് വ്യത്യസ്തമായ നിരക്കാണ് വിമാനത്താവളങ്ങളിൽ ഈടാക്കിയിരുന്നത്. കരിപ്പൂരിൽ 1,580 രൂപ മതിയെങ്കിൽ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ 2,490 രൂപയാണ് ഈടാക്കിയിരുന്നത്.


ഫലങ്ങളിൽ മാറ്റം വന്നേക്കാം
വിവിധ സമയങ്ങളിൽ നടത്തുന്ന കൊവിഡ് പരിശോധനകളുടെ ഫലത്തിൽ മാറ്റം വന്നേക്കാമെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്. അംഗീകൃത സ്വകാര്യ ലാബുകളിൽ നടത്തുന്ന ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് റിസൽട്ട് ലഭിച്ച ശേഷം വൻതുക നൽകി വിമാന ടിക്കറ്റെടുക്കുന്നവർ വിമാനത്താവളത്തിലെ റാപിഡ് പി.സി.ആറിൽ പലപ്പോഴും പോസിറ്റീവാകുന്നുണ്ട്. യാത്ര മുടങ്ങുകയും ടിക്കറ്റ് തുക തിരിച്ച് കിട്ടാതെ വരികയും ചെയ്യുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം. കൊവിഡ് ടെസ്റ്റ് നടത്താൻ കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും അംഗീകാരം ലഭിച്ച ലാബുകളെയാണ് ഗൾഫ് യാത്രക്കാർ ആശ്രയിക്കുന്നത്. ഇവിടെ നിന്നുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർ തൊട്ടുപിന്നാലെ നടത്തുന്ന ടെസ്റ്റിൽ പോസിറ്റീവാകുന്നതിലെ ആശങ്കയിലാണ് പ്രവാസി സമൂഹം. പലപ്പോഴും കുടുംബസമേതം യാത്ര ചെയ്യാൻ എത്തുന്നവരാണ് വലിയ കുരുക്കിൽപ്പെടുന്നത്. ആർക്കെങ്കിലും ഒരാൾക്ക് കൊവിഡ് പോസിറ്റീവ് കാണിച്ചാൽ എല്ലാവരുടെയും യാത്ര മുടങ്ങും. ടിക്കറ്റ് ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടവും ഇതിനൊപ്പം കൃത്യസമയത്ത് ജോലിക്ക് ഹാജരാകാൻ കഴിയാത്തതും വലിയ പ്രതിസന്ധിയാണ് പ്രവാസികൾക്ക്. നേരത്തെ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വിദേശ രാജ്യങ്ങളിൽ എത്തുമ്പോൾ പരിശോധനയിൽ ഫലം പോസിറ്റീവായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോസിറ്റീവായവരെ വിദേശങ്ങളിൽ എത്തിച്ചതിന് വിമാന കമ്പനികൾ മറുപടി പറയേണ്ട സ്ഥിതിയും വന്നിരുന്നു. ഒരു ഇന്ത്യൻ വിമാന കമ്പനിക്ക് യു.എ.ഇ താത്ക്കാലിക വിലക്കും ഏർപ്പെടുത്തിയിരുന്നു. റാപിഡ് പി.സി.ആറിന് പകരം ലോക രാജ്യങ്ങൾ ഒരുപോലെ അംഗീകരിച്ച ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കിയാൽ മതിയെന്ന നിലപാടിലേക്ക് യു.എ.ഇ ഭരണകൂടം എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

കുടൂതൽ ഇളവുകളിലേക്ക് യു.എ.ഇ

ഈ മാസം പകുതിയോടെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാനുള്ള തീരുമാനത്തിലാണ് യു.എ.ഇ ഭരണകൂടം. പൊതുസ്ഥലങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നവർക്കുള്ള നിയന്ത്രണങ്ങൾ കുറയ്ക്കും. ഷോപ്പിംഗ് സെന്ററുകൾ, മാളുകൾ, വിനോദ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പൂർണശേഷിയിൽ ആളുകളെ അനുവദിക്കാനാണ് തീരുമാനം. യു.എ.ഇയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതിന് പിന്നാലെയാണ് ഈ തീരുമാനം. റാപിഡ് പി.സി.ആർ പരിശോധന എന്ന നിബന്ധനയിൽ ഇളവുകൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തണമെന്നാണ് പ്രവാസി സമൂഹത്തിന്റെ ആവശ്യം.