 
കോൺക്രീറ്റ് ചെയ്ത മാറാക്കര പഞ്ചായത്ത് പള്ളിയാലിൽ കല്ലാർ മംഗലം നെച്ചിത്തോട് റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടക്കൽ: മാറാക്കര പഞ്ചായത്തിൽ നവീകരണം പൂർത്തീകരിച്ച ആറ് റോഡുകൾ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോഡുകളുടെ നവീകരണത്തിന് വിവിധ പദ്ധതികളിൽ നിന്നായി 57 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എസി നിരപ്പിലെ പള്ളിയാൽ ബൈപ്പാസ് റോഡ് കോൺക്രീറ്റ് (15 ലക്ഷം), പള്ളിയാലിൽ കല്ലാർ മംഗലം നെച്ചിത്തോട് റോഡ് കോൺക്രീറ്റ് (3 ലക്ഷം), ചേലക്കുത്ത് അമ്മേങ്ങര മീമുള്ളി നിലം റോഡ് കോൺക്രീറ്റ് (4 ലക്ഷം ), പൂവ്വൻചിനയിലെ എൻ.എച്ച്. ദാറുസ്സലാം റോഡ് ടാറിംഗ് (10 ലക്ഷം), മരുതിൻ ചിറയിലെ താണിക്കുഴി പത്തായക്കല്ല് റോഡ് ടാറിംഗ് ആൻഡ് കോൺക്രീറ്റ് (15 ലക്ഷം), പറപ്പൂരിൽ പുത്തിരിക്കണ്ടം പള്ളിപ്പടി പാറക്കുളം റോഡ് കോൺക്രീറ്റ് (10 ലക്ഷം) എന്നിവയാണ് നവീകരണം പൂർത്തീകരിച്ച റോഡുകൾ. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ.സുബൈർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.വി. നാസിബുദ്ദീൻ, പി. മൻസൂറലി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു.