
പൊന്നാനി: പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ച ആറ് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ സിമി, അനിൽകുമാർ എന്നിവരടങ്ങിയ സംഘം അതളൂർ, തൃപ്പാളൂർ, മാത്തൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഗൃഹപരിശോധനയിലാണ് അനർഹമായി കൈവശം വെച്ച റേഷൻ കാർഡുകൾ പിടിച്ചെടുത്തത്. വരും ദിവസങ്ങളിൽ പരിശോധന തുടരും. അനർഹരായ കാർഡുടമകളെ കുറിച്ച് വിവരം നൽകാൻ 0494 2666019 നമ്പറിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. വിവരം തരുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.