dgfvf
കൊണ്ടോട്ടി വൊക്കെഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ച് കോടി ചെലവിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ ശിലാഫലക അനാഛാദനം ടി.വി. ഇബ്രാഹിം എം.എൽ.എ നിർവഹിക്കുന്നു.

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടർച്ചയായ വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയിൽ നിർമാണം പൂർത്തിയായ ഒൻപത് സ്‌കൂൾ ബഹുനില കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച അഞ്ച് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച നാല് സ്‌കൂളുകളിലെ കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലേതടക്കം സംസ്ഥാനത്ത് 53 സ്‌കൂൾ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. ആധുനിക ലോകത്തിന് അനുസൃതമായ രീതിയിൽ വിദ്യഭ്യാസ നിലവാരത്തെ ഉയർത്തി കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിൽ ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ വരും തലമുറക്കും കൂടെയുള്ളതാണെന്നും നാടിന്റെ ക്ഷേമം എല്ലാ ജനങ്ങൾക്കുള്ളതാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സംസ്ഥാനതല പരിപാടിയിൽ പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായി. കിഫ്ബിയുടെ അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമിച്ച കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്, കിഫ്ബിയിൽ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമിച്ച ചാലിയപ്പുറം ജി.എച്ച്.എസ്.എസ്, നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ്, വേങ്ങര ജി.എം.വി.എച്ച്.എസ്.എസ്, പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ് എന്നീ അഞ്ച് സ്‌കൂളുകൾ കെട്ടിടങ്ങളും പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് 1.6 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ മലപ്പുറം ജി.ബി.എച്ച്.എസ്.എസ്, ഒരു കോടി രൂപ ചെലവിൽ നിർമിച്ച പൂക്കുത്ത് ജി.എൽ.പി.എസ്, 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച കാരാട് ജി.എൽ.പി.എസ്, 40 ലക്ഷം രൂപ ചെലവിൽ നിർമിച്ച തുറക്കൽ ജി.എൽ.പി.എസ് തുടങ്ങിയ നാല് സ്‌കൂളുകളടക്കം ഒൻപത് കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.