 
താനൂർ: വീടിനോടു ചേർന്നുള്ള വിറകുപുരക്ക് തീ പിടിച്ചു. വിറകുപുര പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ വെള്ളിയാമ്പുറം സ്വദേശി പനയത്തിൽ കമ്മുക്കുട്ടിയുടെ വീടിനോടു ചേർന്നുള്ള വിറകുപുരയ്ക്കാണ് തീപിടിച്ചത്.
വീട്ടിലേക്ക് തീ പടരും മുമ്പേ താനൂർ ഫയർഫോഴ്സും തുടർന്ന് തിരൂർ ഫയർഫോഴ്സും എത്തി തീ അണക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുസ്സലാം, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി. ജയരാജൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ, തിരൂരിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ മനോജ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്.