malappuram

നിലമ്പൂർ: നിലമ്പൂർ ജില്ല ആശുപത്രിയിൽ ഇ.സി.ജി സേവനം 24 മണിക്കൂറാക്കുന്നതിന് തീരുമാനം. വെള്ളിയാഴ്ച ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലാണ് തീരുമാനം. താൽക്കാലികമായി ഇ.സി.ജി ടെക്നീഷ്യൻമാരെ നിയമിക്കും. ബ്ലഡ് ബാങ്കിന്റെ പാർട്ടീഷ്യൻ പ്രവൃത്തി പൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങും. ആവശ്യമായ ഉപകരണങ്ങൾ വാങ്ങും. ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഇലക്ടീവ് സർജ്ജറികളും വിമുക്തിയിലെ കിടത്തി ചികിത്സയും പുനരാരംഭിക്കും.
ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ വാടക 5 ശതമാനം വർദ്ധിപ്പിക്കും. മിൽമ ബൂത്ത്, ഫോട്ടോകോപ്പി എന്നിവയാണ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നത്. ഇവയുടെ കരാർ പുതുകി നൽകും. ആശുപത്രിയിൽ വച്ചു നടന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഇസ് മായിൽ മൂത്തേടം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നസീബ അസീസ്, വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൺ സറീന ഹസീബ്, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.എ.കരീം തുടങ്ങിയവർ‌ പങ്കെടുത്തു.