d
കാട്ടുരാച്ചൂക്ക്

പൊന്നാനി: വീട്ടുവളപ്പിലെ മരക്കൊമ്പിൽ അതിഥിയായെത്തിയ കാട്ടുരാച്ചുക്ക് കൗതുകക്കാഴ്ചയാകുന്നു. കെ.എസ്.ആർ.ടി.സി പൊന്നാനി ഡിപ്പോയിലെ ജീവനക്കാരൻ ബി.എ ഷാനവാസിന്റേയും പള്ളപ്രം എ.എം.എൽ.പി സ്‌കൂൾ അദ്ധ്യാപിക സജ്നയുടേയും പുതിയിരുത്തി സ്വാമിപ്പടിക്ക് സമീപമുള്ള വീട്ടുവളപ്പിലെ മരത്തിലാണ് അപൂർവ്വ കാഴ്ച.

ഒരു മാസത്തിലേറെയായി പക്ഷി ഇവിടെ താമസമാക്കിയിട്ട്. വനമേഖലയിൽ മാത്രം കാണപ്പെടുന്ന പക്ഷിയാണിത്. കാട്ടുരാച്ചുക്ക് ( Jungle Nightjar) എന്ന ഈ പക്ഷിയെ കേരളത്തിൽ തുറന്ന വനമേഖലകളിലും ആർദ്ര വനമേഖലയിലുമാണ് ഇവ വസിക്കുന്നത്.

കാട്ടുരാച്ചുക്കിനെ തീരദേശ മേഖലയിൽ കണ്ടത് കൗതുകം സമ്മാനിച്ചിട്ടുണ്ട്. ഈ പക്ഷിക്ക് ഏകദേശം 30 സെന്റീമീറ്ററാണ് വലിപ്പം. ചാരം കലർന്ന തവിട്ടു നിറമാണ്. അതിൽ നിറയെ കറുത്ത വരകളും കാണാം. ആദ്യം കണ്ടത് ഇവിടെ വന്ന പണിക്കാരാണ്. ഇവർ ആട്ടിയെങ്കിലും അനങ്ങാതെ ഒറ്റ ഇരിപ്പായിരുന്നു. കഴിഞ്ഞ ദിവസം പരുന്തും കാക്കകളും വന്നപ്പോൾ പറന്നു പോയി. ഇന്നലെ രാവിലെ വീണ്ടും തിരിച്ചെത്തി. മരക്കൊമ്പിൽ ഒരേ ഇരിപ്പിരിക്കുന്ന അപൂർവ്വ പക്ഷി കൗതുകക്കാഴ്ചയായി മാറിയിരിക്കുകയാണ്.