
പൊന്നാനി: ഒടുവിൽ ചമ്രവട്ടം റഗുലേറ്ററിന്റെ ചോർച്ച അടക്കുന്ന പണികൾ തുടങ്ങി. കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലക്കാതിരിക്കട്ടെയെന്ന പ്രത്യാശയിലാണ് നാട്ടുകാർ. ഷീറ്റ് പൈലിംഗിന് മുന്നോടിയായുള്ള പണികളാണ് ആരംഭിച്ചിരിക്കുന്നത്.
നിലവിലെ ഷീറ്റുകൾ ഉപയോഗിച്ച് ചോർച്ച അടക്കുന്ന പ്രവൃത്തികൾ ആരംഭിക്കാമെന്ന വിദഗ്ധസമിതിയുടെ നിർദേശത്തെ തുടർന്നാണ് ഇപ്പോൾ പണികൾ ആരംഭിക്കുത്. നിർമ്മാണത്തിനായി കൊണ്ടുവന്ന ഷീറ്റുകൾ ചെന്നൈ ഐഐടിയിൽ വിദഗ്ധ പരശോധന നടത്തിയ ശേഷം പണികൾ തുടങ്ങിയാൽ മതിയെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാൽ പീച്ചിയിലെ പരശോധനയിൽ ഷീറ്റുകൾ മതിയായ കനമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വേനലിലെ വരൾച്ച പ്രയോജനപ്പെടുത്തി പണികൾ ഇപ്പോൾ തന്നെ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച ശേഷം ആവശ്യമെങ്കിൽ തുടർ പരിശോധനകൾ നടത്താം എന്നതാണ് വിദഗ്ധസമിതി അറിയിച്ചത്. പാലത്തിനടിയിലെ കട്ടകൾ മാറ്റി നിലം പാകപ്പെടുത്തുന്ന പണികളാണ് ആരംഭിച്ചിട്ടുള്ളത്. രണ്ടാഴ്ചക്കകം പൈലിംഗ് ആരംഭിക്കാനാകും. ഉപ്പുവെള്ളം കയറുന്ന സ്ഥലമായതിനാൽ ഷീറ്റുകൾ തുരുമ്പ് എടുക്കാതിരിക്കാൻ സ്വീകരക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് പരശോധിക്കാൻ ചുമതലപ്പെടുത്തിയ ഏജൻസി അധികൃതർ വ്യാഴാഴ്ച പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു.
ചോർച്ച പരിഹരിക്കാൻ 32.06 കോടി രൂപയാണ് കരാർ നൽകിയിട്ടുള്ളത്. 16 മാസത്തിനകം പണികൾ പൂർത്തീകരിക്കാനാണ് കരാർ നൽകിയതെങ്കിലും ഒരുവർഷത്തോളം കാര്യമായ പണികൾ നടന്നിരുന്നില്ല. പുഴയിലെ ജലനിരപ്പ് വളരെ അധികം താഴ്ന്നതിനാൽ കഴിയുന്നത്ര വേഗത്തിൽ പണികൾ പൂർത്തീകരിക്കാനാണ് കരാർ കമ്പനിയുടെ ശ്രമം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഷീറ്റ് ഉപയോഗിച്ചാണ് ചോർച്ച തടയുക. അടിയിലൂടെ ഒഴുകുന്ന വെള്ളവും മണലും തടഞ്ഞു നിർത്തിയാണ് ഷീറ്റുകൾ സ്ഥാപിക്കുക. നിലവിലുള്ള ഏപ്രൺ 2 മീറ്റർ താഴ്ത്തും. 11.2 മീറ്റർ ആഴത്തിലാണ് ഷീറ്റ് പൈലുകൾ ഉറപ്പിക്കുക. 70 ഷട്ടറുകളോട് ചേർന്നും ഇത്തരത്തിൽ ഷീറ്റ് പൈലുകൾ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്യും.
ഷട്ടറുകളുടെ ഒരുഭാഗത്ത് പൂർണമായും, മറുഭാഗത്ത് നാലിൽ ഒരു ഭാഗത്തും ഷീറ്റ് പൈലുകൾ സ്ഥാപിക്കും. 32.06 കോടി രൂപയ്ക്ക് മൂവാറ്റുപുഴയിലെ മേരിമാതാ ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനമാണ് ചോർച്ച അടക്കൽ കരാർ എടുത്തിരിക്കുന്നത്. ഭാരതപ്പുഴ നാല് മീറ്റർ വരെ ഉയരത്തിൽ വെള്ളം സംഭരിച്ചു നിർത്താൻ ലക്ഷ്യമിട്ടു നടപ്പാക്കിയ പദ്ധതിയാണ് ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ്. വെള്ളം തടഞ്ഞു നിർത്താൻ കഴിയാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി ലക്ഷ്യം കണ്ടിട്ടില്ല.